Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ തലയോട്ടിയില്‍ അനൂറിസം ബാധിച്ച രോഗിക്ക് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ രോഗസൗഖ്യം
26/10/2018
വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ തലയോട്ടിയില്‍ അനൂറിസം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ കോഴിക്കോട് സ്വദേശിയായ ജിനോ ബേബി

വൈക്കം: വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ തലയോട്ടിയില്‍ അനൂറിസം ബാധിച്ച രോഗിക്ക് അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ രോഗസൗഖ്യം. കോഴിക്കോട് സ്വദേശിയായ ജിനോ ബേബി (45) എന്ന രോഗിക്ക് വൈക്കം ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലാണ് ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിനുള്ളിലെ രക്തധമനികളില്‍ ഉണ്ടാകുന്ന വീക്കവും തുടര്‍ന്ന് രക്തസ്രാവം ഉണ്ടാകുന്ന അനൂറിസം എന്ന രോഗാവസ്ഥയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കു വേണ്ടി കിംസ് ആശുപത്രിയാണ് ഇദ്ദേഹത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. സാധാരണയായി ഇത്തരം രോഗികള്‍ക്ക് തലയോട്ടി തുറന്ന് രക്തധമനികളില്‍ ക്ലിപ്പ് ഇടുന്ന രീതിയാണ് ചെയ്തു വരുന്നത്. ഇതു കൂടാതെ കോയിലിംഗ് എന്ന ശസ്ത്രക്രിയയും ഇവിടെ നടത്തി വന്നിരുന്നു. എന്നാല്‍ ജിനോ ബേബിക്ക് സി.ടി ആന്‍ജിയോഗ്രാം എന്ന ടെസ്റ്റ് നടത്തിയപ്പോള്‍ കേവലം ഒന്നര മില്ലി മീറ്റര്‍ വ്യാസത്തിലുള്ള അനൂറിസമാണ് ഇദ്ദേഹത്തിനുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തരത്തിലുള്ള ചെറിയ രക്തധമനികളില്‍ തലയോടു തുറന്നുള്ള ക്ലിപ്പിങ്ങോ, കോയിലിങ്ങോ നടത്തുവാന്‍ കഴിയുമായിരുന്നില്ല. കാരണം ചെറിയ ധമനികള്‍ പൊട്ടിപ്പോകുന്നതിനും രോഗിയുടെ മരണത്തിനും ഇതു കാരണമായേക്കാം. സങ്കീര്‍ണ്ണമായ ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനു വേണ്ടി ആശുപത്രിയിലെ എന്‍ഡോവാസ്‌കുലര്‍ ന്യൂറോ സര്‍ജറി, ന്യൂറോ ഇമേജിംഗ്, ന്യൂറോ സോണോളജി എന്നീ വിഭാഗങ്ങളുടെ മേധാവിയായ ഡോ. കെ.ജെ ഹര്‍ഷയുടെ നേതൃത്വത്തില്‍ ജിനോയ്ക്ക് പ്രത്യേകതരം സെറ്റ്‌നര്‍ ഉപയോഗിച്ചുള്ള ആധുനിക ശസ്ത്രക്രിയാരീതി പരീക്ഷിക്കുവാന്‍ തീരുമാനിച്ചത്. കേവലം ഒന്നര മുതല്‍ രണ്ട് മില്ലി മീറ്റര്‍ വ്യാസമുള്ള രക്തധമനികളില്‍ കേരളത്തില്‍ നടത്തുന്ന ആദ്യത്തെ പ്രത്യേക കീഹോള്‍ വാസ്‌കുലര്‍ ശസ്ത്രക്രിയയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറെ വെല്ലുവിളികളും സാങ്കേതിക ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും വളരെ വിജയകരമായി പൂര്‍ത്തിയാക്കുകയും ജിനോബേബിയെ രണ്ടാം ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യുകയും അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തു. അത്യപൂര്‍വ്വമായ ഈ ശസ്ത്രക്രിയയ്ക്ക് ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ഡോ. കെ.ജെ ഹര്‍ഷ, ഡോ. ജയിന്‍ ജോര്‍ജ്ജ്, ഡോ.അനു തോമസ്, ഡോ. സജീവ് എസ് വടക്കേടം, ഡോ.കെ പരമേശ്വരന്‍, ഡോ.ബോബി ബേബി പാനിക്കുളം, ഡോ. എ.കൃഷ്ണന്‍, ഡോ. മധുസൂദനറാവൂ, ഡോ.ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ഡോ.മാര്‍ക്കോസ് വിന്‍സന്റ് എന്നിവരാണ് നേതൃത്വം നല്‍കിയത്.