Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നിലമൊരുക്കി ഒരു മാസം പിന്നിട്ടിട്ടും വിത്തു ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വലയുന്നു.
19/10/2018
വിതയ്ക്കാത്തതിനെ തുടര്‍ന്ന് കള വളര്‍ന്ന വെച്ചൂരിലെ അച്ചിനകം പാടശേഖരം.

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നിലമൊരുക്കി ഒരു മാസം പിന്നിട്ടിട്ടും വിത്തു ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വലയുന്നു. വലിയ വെളിച്ചം, കോലംപുറത്തുകരി, പൂവത്തുക്കരി, പട്ടടക്കരി, ഇട്യേക്കാടന്‍കരി, അച്ചിനകം എട്ടൊന്ന് ന്നിങ്ങനെ പത്തോളം പാടശേഖരങ്ങളിലാണ് വിത്ത് ലഭിക്കാത്തത്. അര ഏക്കര്‍ മുതല്‍ നിലമുള്ള ആയിരത്തിലധികം ചെറുകിട കര്‍ഷകര്‍ കൃഷിയിറക്കുന്ന ഇവിടെ വിതയ്ക്കാന്‍ 65 ടണ്‍ വിത്താണ് വേണ്ടത്. വെച്ചൂരിലെ 30 പാടശേഖരങ്ങളിലായി 3500 ഏക്കര്‍ നെല്‍കൃഷിയാണുള്ളത്. ഇതില്‍ 20 പാടശേഖരങ്ങളില്‍ വിത കഴിഞ്ഞു. കര്‍ഷകര്‍ക്ക് ആലപ്പുഴയിലെ കേരള സ്‌റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിറ്റി മുഖേനയാണ് വിത്തു ലഭിക്കേണ്ടത്. പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ ഒട്ടുമുക്കാല്‍ കൃഷിയും നശിച്ചതിനാല്‍ വീണ്ടും വിതക്കേണ്ടി വന്നതിനാലാണ് വിത്തിനു ക്ഷാമം നേരിടുന്നതെന്നും, ഇനി നാഷണല്‍ സീഡ് കോര്‍പ്പറേഷന്‍ മുഖേന മാത്രമേ വിത്തു ലഭ്യമാക്കാന്‍ കഴിയുകയുള്ളുവെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ വിത്ത് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതുവരെ ഊര്‍ജിതമായിട്ടില്ല. ജൂലൈയിലെ ആദ്യ വെള്ളപ്പൊക്കത്തില്‍ പാടശേഖരസമിതികള്‍ ലക്ഷങ്ങള്‍ കടമെടുത്തു മുടക്കി പുറംബണ്ട് ബലപ്പെടുത്തി കൃഷി സംരക്ഷിച്ചെങ്കിലും, പിന്നീട് മഹാപ്രളയമുണ്ടായപ്പോള്‍ നെല്‍ കൃഷി പൂര്‍ണമായും നശിക്കുകയാണുണ്ടായത്. വിളവ് ലഭിച്ചിരുന്നെങ്കില്‍ വെച്ചൂരിലെ നെല്‍കര്‍ഷകര്‍ക്ക് 20 കോടിയോളം രൂപ ലഭിക്കുമായിരുന്നു. കൃഷി വകുപ്പ് അധികൃതര്‍ നെല്‍കൃഷിക്കും മറ്റു വിളകള്‍ക്കുമായി 29 കോടി രൂപയുടെ നാശം വെച്ചുരില്‍ സംഭവിച്ചതായാണ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയാനന്തരം കൃഷിയിറക്കാന്‍ ഏക്കറിനു 50 കിലോഗ്രാം വിത്തു നല്‍കുമെന്നാണ് കൃഷിമന്ത്രി അറിയിച്ചിരുന്നത്. കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് വേണ്ടി വന്ന ചെലവ് കണക്കാക്കി സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും പാടശേഖര സമിതികള്‍ക്ക് ധനസഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വിതയ്ക്കാന്‍ താമസിച്ചതിനാല്‍ ഒരുക്കിയിട്ട കൃഷിയിടത്തില്‍ പുല്ലും പായലും ആമ്പലുമടക്കമുള്ള കളകള്‍ വളര്‍ന്നു നിറഞ്ഞു. ഇനി ഇവ വാരി നീക്കി നിലം വീണ്ടുമൊരുക്കിയാലെ വിതക്കാനാകൂ. ഡിസംബര്‍ 15ന് ഓരു വെള്ളം കൃഷിയിടത്തില്‍ കയറാതിരിക്കാന്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടക്കും. ഷട്ടര്‍ അടച്ചാലും ബണ്ടിന്റെ ഏറ്റവുമടുത്തുള്ള വെച്ചുരിലെ കൃഷി നിലങ്ങള്‍ ഓരുവെള്ള ഭീഷണി നേരിടേണ്ടി വരും. ഇവിടെ കൃഷിയിറക്കാതിരുന്നാല്‍ പാടശേഖരങ്ങളുടെ ഓരത്തു താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്താല്‍ താമസസ്ഥലം വിട്ടു പോകേണ്ട സ്ഥിതി ഉണ്ടാകുകയും ചെയ്യും. കര്‍ഷകര്‍ക്ക് വിത്തു ലഭ്യമാക്കുന്നതിനും പാടശേഖരങ്ങള്‍ക്ക് കൃഷി നിലം സംരക്ഷിക്കാന്‍ ബണ്ട് ബലപ്പെടുത്തിയതിനും മോട്ടോറും പെട്ടിയും പറയും മോട്ടോര്‍ തറയും നന്നാക്കിയതിനും സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും വെച്ചൂര്‍ നെല്ലുല്‍പാദക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ടി.ഒ വര്‍ഗീസ് ആവശ്യപ്പെട്ടു.