Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേത്ര സങ്കേതങ്ങളില്‍ നൂറ് കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
19/10/2018
ടി.വി. പുരം സരസ്വതി ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി, ഇണ്ടംതുരുത്തില്‍ വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നു.

വൈക്കം: ക്ഷേത്ര സങ്കേതങ്ങളില്‍ നൂറ് കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിദ്യയുടെ ദേവതയായ സരസ്വതി മണ്ഡപത്തിനു മുന്നിലായിരുന്നു അറിവ് തേടിയെത്തിയ കുട്ടികള്‍ ഹരിശ്രീ കുറിച്ചത്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഊട്ടുപുര മാളികയില്‍ ക്ഷേത്രകലാപീഠം ഹാളില്‍ നിരവധി കുട്ടികള്‍ അറിവിന്റെ ആദ്യാക്ഷരം എഴുതി. വൈക്കത്തപ്പന്റെ ശ്രീകോവിലില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, മേല്‍ശാന്തി തരണി ഡി.നാരായണന്‍ നമ്പൂതിരി, വൈക്കം രാമചന്ദ്രന്‍, എന്നിവരാണ് കുട്ടികള്‍ക്ക് അക്ഷരമധുരം നല്‍കിയത്. വൈകിട്ട് ദീപാരാധന സമയത്ത് കലാപീഠത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും നടത്തി.

ടി.വി. പുരം സ്വയംഭൂ സരസ്വതി ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ കുട്ടികള്‍ക്ക് അറിവ് എഴുതിച്ചു. രാവിലെ 5.30ന് വിദ്യാരംഭപൂജ നടത്തിയ ശേഷമായിരുന്നു എഴുത്തിനിരുത്ത് നടത്തിയത്. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ ശിവശങ്കരമാരാര്‍, ഉപദേശക സമിതി പ്രസിഡന്റ് അശോക് കുമാര്‍ ആയിരപ്പള്ളില്‍, സെക്രട്ടറി ഗിരീഷ് എഴുകണ്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. നവരാത്രി മണ്ഡപത്തില്‍ ഭഗവതിസേവയും ഗാനമേളയും നടത്തി.

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ രാവിലെ 6ന് സരസ്വതി പൂജയ്ക്ക് ശേഷം കുട്ടികളെ എഴുത്തിനിരുത്തി. വൈക്കം ക്ഷേത്രം മേല്‍ശാന്തി റ്റി.ഡി. നാരായണന്‍ നമ്പൂതിരി, പ്രൊഫ. ഡോ. ലാലി പ്രതാപ് എന്നിവരാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നത്്. തുടര്‍ന്ന് സംഗീധാരാധന, പ്രസാദ ഊട്ട്, ചെണ്ടമേളം എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് പി.വി. ബിനേഷ് പ്ലാത്താനത്ത്, സെക്രട്ടറി കെ.വി. പ്രസന്നന്‍, ചെയര്‍മാന്‍ കെ.എസ്. പ്രീജു, കണ്‍വീനര്‍ കെ.എസ്്. സാജു കോപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി.

ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ രാവിലെ 6.30ന് മേല്‍ശാന്തി പ്രവീണ്‍ പോറ്റി, ജഗദീഷ് പോറ്റി എന്നിവരുടെ നേതൃത്വത്തില്‍ ദശമി വിളക്ക്, അഷ്ടദ്രവ്യ ഗണപതിഹോമം എന്നിവയ്ക്കു ശേഷം കുട്ടികളെ എഴുത്തിനിരുത്തി. ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ. നാരായണന്‍ നമ്പൂതിരി, ചന്ദ്രശേഖരന്‍ നായര്‍, ജ്യോതി ലക്ഷ്മി, വിനോദ് കുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് അറിവിന്റെ അക്ഷരം പകര്‍ന്നു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍ പിള്ള, മാനേജര്‍ പരമേശ്വരന്‍ നായര്‍, വൈസ് പ്രസിഡന്റ് സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് അന്നദാനവും നടത്തി.

ചുങ്കം 569 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തില്‍ ഗുരുമന്ദിരത്തിനു മുന്നില്‍ കുട്ടികളെ എഴുത്തിനിരുത്തി. എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് കുട്ടികളെ ഹരിശ്രീ എഴുതിച്ചു. പ്രസിഡന്റ് എം.എസ്. രാധാകൃഷ്ണന്‍, സെക്രട്ടറി എസ്.ബിജു, വൈസ് പ്രസിഡന്റ് പി.പി. ഭദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉദയനാപുരം ചാത്തന്‍കുടി ദേവീക്ഷേത്രത്തില്‍ രാവിലെ വിജയദശമി പൂജ, ആറാട്ട്, പൂജയെടുപ്പ്, വിദ്യാരംഭം, സംഗീതകച്ചേരി എന്നിവ നടത്തി. തന്ത്രിമാരായ മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി.

ടൗണ്‍ നോര്‍ത്ത് 1184 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. സരസ്വതി പൂജയ്ക്കു ശേഷം വൈക്കം ക്ഷേത്രം മേല്‍ശാന്തി റ്റി.ഡി. നാരായണന്‍ നമ്പൂതിരി, ഡോ. ശശിധരന്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.

തോട്ടകം 1005 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വക ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി രാവിലെ സരസ്വതി പൂജ നടത്തി. ക്ഷേത്രം തന്ത്രി പരമേശ്വരന്‍ നമ്പൂതിരി, മേല്‍ശാന്തി പ്രസാദ് നമ്പൂതിരി എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.