Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ ടൂറിസം സാധ്യതകള്‍ സജീവമാക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം
16/10/2018
വേമ്പനാട്ടു കായല്‍

വൈക്കം: പ്രളയം കാരണം പുന്നമട കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളി മുടങ്ങിയ സമയം മുതല്‍ മുഴങ്ങുന്ന ചോദ്യമാണ് ഇതിനു സമാനമായ വള്ളംകളി മത്സരം വൈക്കത്ത് നടത്തിക്കൂടേ? കാരണം ടൂറിസത്തിന്റെ സാധ്യതകള്‍ ഏറ്റവും സജീവമായി നിലകൊള്ളുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതാണ് വേമ്പനാട്ട് കായല്‍. വലിപ്പത്തിന്റെയും പ്രകൃതി കനിഞ്ഞുനല്‍കുന്ന സൗന്ദര്യത്തിന്റെയുമെല്ലാം കാര്യത്തില്‍ പുന്നമട കായലിനെ വെല്ലുന്നതാണ് വൈക്കം കായല്‍. കുമരകം, വൈക്കം, ചേര്‍ത്തല, എറണാകുളം ഭാഗങ്ങളില്‍ നിന്ന് വൈക്കം കേന്ദ്രീകരിച്ച് വള്ളംകളി മത്സരം ആരംഭിച്ചാല്‍ ആയിരങ്ങളായിരിക്കും ഒഴുകിയെത്തുക. ഇതിന് ഏറ്റവും അനുയോജ്യമായ പ്രദേശം വൈക്കം ബീച്ചാണ്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ വൈക്കത്ത് ഒരുപിടി ടൂറിസം പദ്ധതികള്‍ എത്തുമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ടൂറിസം സാധ്യതകള്‍ സജീവമാക്കുവാന്‍ നഗരസഭ വൈക്കം ഫെസ്റ്റും ആരംഭിച്ചു. എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു ടൂറിസം പദ്ധതിയും ചരിത്രനഗരിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നഗരത്തെ ഇന്നും ജനസാന്നിധ്യമാക്കുന്നത് ആണ്ടില്‍ ഒരിക്കല്‍ എത്തുന്ന 'വൈക്കത്തഷ്ടമി' മാത്രമാണ്. സംസ്ഥാനത്തിന്റെ എവിടെയും അറിയപ്പെടുന്ന നഗരമാണ് വൈക്കം. എന്നാല്‍ പെരുമ മാത്രം അവകാശപ്പെടുന്ന വൈക്കത്തിന് യാതൊരു തരത്തിലുമുള്ള എടുത്തുപറയത്തക്ക ഒരു വികസനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടെ പരസ്പരം പഴിചാരി ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വൈക്കത്തിന് സമീപത്തുകിടക്കുന്ന ചേര്‍ത്തലയും കടുത്തുരുത്തിയും പിറവവുമെല്ലാം അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ള വികസന മുന്നേറ്റത്തിലാണ്. ഇവിടെ മാറ്റമുണ്ടാക്കുവാന്‍ സമ്പന്നമായി കിടക്കുന്ന പ്രകൃതി സൗന്ദര്യത്തെ പ്രയോജനപ്പെടുത്തി ക്ഷേത്രനഗരിക്ക് മാറ്റം ഉണ്ടാക്കണം. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ആദ്യമെത്തുന്ന ചില പിന്തിരിപ്പന്‍മാരെ ഒതുക്കി നിര്‍ത്തണം. ഇവരാണ് കാലങ്ങളായി വൈക്കത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പേരില്‍ വൈക്കത്ത് പല പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കായലും നാട്ടുതോടുകളും പരമ്പരാഗത മേഖലയെയും എല്ലാംകുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കാറുണ്ട്. പലരും ഇതിന്റെയെല്ലാം ചുവടുപിടിച്ച് നാളെ തന്നെ വികസനം എത്തുമെന്ന് അവകാശപ്പെടുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പദ്ധതികളെല്ലാം കടലാസില്‍ മയങ്ങി കിടക്കുകയാണ്. ഇതിനിടയില്‍ ഇത്തിപ്പുഴയിലും മുറിഞ്ഞപുഴയിലും തോട്ടകത്തും കല്ലറയിലുമെല്ലാം വിദേശികളായ വിനോദസഞ്ചാരികളെ ആകര്‍ഷിപ്പിച്ച് സ്വകാര്യ ടൂറിസം സംരംഭങ്ങള്‍ സജീവമായി നിലകൊള്ളുന്നുണ്ട്. ഇവര്‍ കാണിക്കുന്ന പ്രവര്‍ത്തന മികവ് പോലും നടപ്പില്‍ വരുത്തുവാന്‍ നഗരസഭ ഉള്‍പ്പെടെയുള്ള തദ്ദേശഭരണകൂടങ്ങള്‍ കാണിക്കുന്നില്ല. ഇവിടെയാണ് വേമ്പനാട്ട് കായലിന്റെ സാധ്യതകള്‍ തുറന്നു കിടക്കുന്നത്. ടൂറിസം കേന്ദ്രീകരിച്ച് വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ വൈക്കത്തേക്ക് എത്തിക്കണമെങ്കില്‍ വള്ളംകളി പോലുള്ള ജനകീയ കായിക മത്സരങ്ങള്‍ ആരംഭിക്കണം. ഇതിന് സര്‍ക്കാരിനുമുന്നില്‍ വിശദമായ പ്രൊജക്ടുകള്‍ തയ്യാറാക്കി ഉത്തരവാദിത്ത ടൂറിസത്തിലൂടെ നടപ്പില്‍ വരുത്തുവാന്‍ എം.എല്‍.എയും നഗരസഭയുമെല്ലാം കൈകോര്‍ക്കണം. ഇതിനു സാധ്യമായാല്‍ അഷ്ടമിയുടെ പേരില്‍ അറിയപ്പെടുന്ന വൈക്കത്തിന് നാളെ പല മുഖമുദ്രകളും ചാര്‍ത്തി കിട്ടിയേക്കും.