Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാശോന്മുഖമായി വെച്ചൂര്‍ പഞ്ചായത്തിലെ പുത്തന്‍കായല്‍
15/10/2018

വൈക്കം: കാര്‍ഷികമേഖലയുടെ ഹൃദയത്തുടിപ്പായിരുന്ന വെച്ചൂര്‍ പഞ്ചായത്തിലെ പുത്തന്‍കായലിന്റെ അവസ്ഥയില്‍ ഇന്ന് ആരും ലജ്ജിക്കും. മാലിന്യങ്ങളാണ് പുത്തന്‍കായലിനെ തകര്‍ത്തിരിക്കുന്നത്. കായലിന്റെ സ്രാമ്പിക്കല്‍ ഭാഗത്ത് നീരൊഴുക്കുപോലും മാലിന്യങ്ങളാല്‍ നിലച്ചിരിക്കുകയാണ്. ഇവിടെ കെട്ടികിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അവശിഷ്ടങ്ങളുമെല്ലാം കായലിനെ വീര്‍പ്പുമുട്ടിക്കുന്നു. പരിസരവാസികള്‍ക്ക് വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും പറ്റാത്ത സാഹചര്യമാണ്. കായലില്‍ ജലം സമൃദ്ധമായിരുന്ന വേളകളില്‍ സമസ്തമേഖലയിലും ഉള്ള കര്‍ഷകര്‍ പുത്തന്‍കായലിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് ഇവര്‍ക്കെല്ലാം കായല്‍ നല്‍കുന്നത് ദുരിതങ്ങള്‍ മാത്രമാണ്. കായലിനെ ഈ രീതിയില്‍ എത്തിച്ചത് ആരാണെന്നു ചോദിച്ചാല്‍ പരസ്പരം തലയില്‍ കൈവെക്കേണ്ട അവസ്ഥയാണ്. നാട്ടുകാര്‍ പറയുന്നത് ടൂറിസവും കായല്‍ കേന്ദ്രീകരിച്ചു രൂപീകൃതമായുള്ള റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും എല്ലാമാണെന്നാണ്. എന്നാല്‍ കായല്‍ മലിനപ്പെട്ടതിന് ഇവര്‍ മാത്രമല്ല ഉത്തരവാദികള്‍. രാത്രികാലങ്ങളില്‍ എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് വലിയ ആശുപത്രികളുടെയും ഹോട്ടലുകളുടെയുമെല്ലാം കക്കൂസ് മാലിന്യങ്ങളെല്ലാം പുത്തന്‍കായലിലാണ്. വേമ്പനാട്ടുകായലിന്റെ തുടിപ്പാണ് പുത്തന്‍കായല്‍. ഇനിയും അധികാരികള്‍ ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ പുത്തന്‍കായലിന് മരണമണി മുഴങ്ങും. പുത്തന്‍കായലിനോടു ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങള്‍ക്കെല്ലാം ഒരുകാലത്ത് വെള്ളം നല്‍കിയിരുന്നത് വരും നാളുകളില്‍ നഷ്ടമായേക്കാം. പുത്തന്‍കായല്‍ ക്ഷയിക്കുന്തോറും ഇവിടെയുള്ള കാര്‍ഷികമേഖലയും അപായപ്പെട്ടുകൊണ്ടിരിക്കുകയാണ്.കായലിനുവേണ്ടി സംരക്ഷണ സമിതികളുണ്ടാക്കി കൊട്ടിഘോഷിക്കുന്നവര്‍ എന്തുകൊണ്ട് ഇതുപോലുള്ള നേര്‍ക്കാഴ്ചകള്‍ മനസ്സിലാക്കുന്നില്ല. പ്രളയവും പുത്തന്‍കാലയിനു വേദനയാണ് നല്‍കിയത് ഇവിടെ അല്‍പമെങ്കിലും പിടിച്ചുനിന്ന കാര്‍ഷിക സമ്പത്ത് പ്രളയത്തില്‍ ഒലിച്ചുപോയി. തകര്‍ന്നുപോയ കര്‍ഷകര്‍ക്ക് പുനര്‍ജീവനം സാധ്യമാകണമെങ്കില്‍ കടമ്പകള്‍ താണ്ടേണ്ടതുണ്ട്. പുത്തന്‍കായല്‍ കര്‍ഷകര്‍ക്ക് മാത്രമല്ല നൂറുകണക്കിന് പക്ഷിലതാതികള്‍ക്കും ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊക്ക് ഉള്‍പ്പെടെയുള്ള പക്ഷികള്‍ പുത്തന്‍കായലിലെ ലഹരി നുകര്‍ന്ന് ചാകുന്ന അവസ്ഥയുമുണ്ട്. കാരണം മാലിന്യങ്ങള്‍ അത്രയധികം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കൊക്ക് ഉള്‍പ്പെടെ ഏകദേശം പതിനഞ്ചിലധികം വിവിധതരം പക്ഷികള്‍ ഇവിടെയെത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം വരുംനാളുകള്‍ വേദനകളായിരിക്കും കായല്‍ സമ്മാനിക്കുക.