Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിനോദ സഞ്ചാരമേഖലയിലേക്ക് ചുവടുവെയ്ക്കാന്‍ വൈക്കം നടത്തിയ ജനകീയ കൂട്ടായ്മകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം.
12/10/2018

വൈക്കം: വിനോദ സഞ്ചാരമേഖലയിലേക്ക് ചുവടുവെയ്ക്കാന്‍ വൈക്കം നടത്തിയ ജനകീയ കൂട്ടായ്മകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി വൈക്കത്തെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടി സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യം നടത്തുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതിയാണ് പെപ്പര്‍. തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ജനങ്ങള്‍ക്കും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്ന ആസൂത്രണ പ്രകിയയാണിത്. കേരളത്തില്‍ ആദ്യമായി ഇത് നടപ്പാക്കുന്നത് വൈക്കത്താണ്. പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ ആണ്. കഴിഞ്ഞ മാസം ചേര്‍ന്ന ടൂറിസം വര്‍ക്കിങ്ങ് ഗ്രൂപ്പ് പ്രസ്തുത പദ്ധതിക്ക് ആംഗീകാരം നല്‍കി. കേരളത്തിലെ ഔദ്യോഗിക വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് പാക്കേജുകളില്‍ വൈക്കത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടില്‍ വച്ച് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയിരുന്നു. ഇതിന്റെ ഔദ്യോഗിക ബ്രോഷര്‍ പ്രകാശനം ഇന്ന് സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. പെപ്പര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വൈക്കം മുനിസിപ്പാലിറ്റി, ചെമ്പ്, മറവന്തുരുത്ത്, ഉദയനാപുരം, ടി.വി പുരം, വെച്ചൂര്‍, തലയാഴം, കല്ലറ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രണ്ടാം ഘട്ടത്തില്‍ തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളുമാണ് പദ്ധതിയുടെ ഭാഗമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 2017 നവംബര്‍ 3ന് ആരംഭിച്ച പദ്ധതിയുടെ പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലൂടെ 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ടൂറിസം ഗ്രാമസഭ, ടൂറിസം റിസോര്‍സ് മാപ്പിങ്ങ്, ടൂറിസം റിസോര്‍സ് ഡയറക്ടറി പ്രസിദ്ധീകരിക്കല്‍, ടൂറിസം മാര്‍ക്കറ്റിങ്, ഫാം ട്രിപ്പുകള്‍, ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്, ടൂറിസം മേഖലയിലെ തൊഴില്‍ പരിശീലനം, ടൂറിസം പ്രൊജെക്ടുകളുടെ അംഗീകാരവും നിര്‍വഹണവും, ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കലും നിര്‍വഹണവും , ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി പദ്ധതി നിര്‍വഹണം എന്നിവയാണ് പെപ്പര്‍ പദ്ധതിയില്‍ നടക്കുന്നത്. ഒന്നാംഘട്ടത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാമസഭകള്‍, ഫോക്കസ് ഗ്രൂപ്പ് ഡിസ്‌കഷനുകള്‍, ടൂറിസം റിസോര്‍സ് മാപ്പിങ്, പരിശീലനങ്ങള്‍, ഒന്നാംഘട്ട പദ്ധതി പ്രദേശത്തെ ഫോട്ടോ സെക്ഷന്‍, ടൂറിസം റിസോര്‍സ് ഡയറക്ടറി എന്നിവ പൂര്‍ത്തിയായി. മാര്‍ക്കറ്റിങിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വൈക്കത്തെ ഉള്‍പ്പെടുത്തുകയും വൈക്കത്തെ ഗ്രാമീണ ജീവിതം പരിചയപ്പെടുത്തുന്ന രണ്ട് ഇംഗ്ലീഷ് പ്രോമോഷണല്‍ വീഡിയോകള്‍ തയ്യാറാക്കുകയും ചെയ്തു. കൂടാതെ ടൂറിസം മേഖലയെ മാര്‍ക്കറ്റ് ചെയ്യാന്‍ 160 ടൂര്‍ ഓപ്പറേറ്റര്‍മാരെ വൈക്കത്ത് എത്തിക്കുകയും ഇവരുടെ ടൂര്‍ പാക്കേജുകളില്‍ വൈക്കം ഉള്‍പ്പെടുത്തുകയും ചെയ്തു. വൈക്കം പെപ്പര്‍ പദ്ധതിയും വൈക്കം ടൂര്‍ പാക്കേജുകളും ഈ വര്‍ഷം ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിലും ഐ.ടി.ബി ബര്‍ലിനിലും പ്രദര്‍ശിപ്പിക്കും. പെപ്പര്‍ പദ്ധതിയുടെ ഭാഗമായി വൈക്കത്ത് വിവിധ പ്രദേശങ്ങളിലായി 168 യൂണിറ്റുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 3 മുതല്‍ ആരംഭിക്കും. അംഗീകൃത ടൂര്‍ പാക്കേജുകള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് മൂന്നാംഘട്ടത്തില്‍ നടത്തുന്നത്. ഇത് 2019-20 സാമ്പത്തിക വര്‍ഷം ആരംഭിക്കും. വൈക്കം എം.എല്‍.എ ചെയര്‍മാനും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കമ്മിറ്റിയാണ് മേല്‍നോട്ടവും നിയന്ത്രണവും നടത്തുന്നത്. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെയും ഭരണത്തലവന്‍മാരും, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്റ്റെക് ഹോള്‍ഡര്‍മാരും ഈ കമ്മിറ്റിയുടെ ഭാഗമായിരിക്കും.