Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തില്‍ സൗകര്യപ്രദമായ മൂത്രപ്പുരകളും ടോയ്‌ലറ്റും ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു.
05/10/2018
ഉപയോഗശൂന്യമായി കിടക്കുന്ന മൊബൈല്‍ ടോയ്‌ലറ്റ്.

വൈക്കം: പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നഗരത്തില്‍ സൗകര്യപ്രദമായ മൂത്രപ്പുരകളും ടോയ്‌ലറ്റും ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു. ഇതുമൂലം നഗരത്തിലെത്തുന്നവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. പൊളിച്ചുനീക്കിയ മൂത്രപ്പുരകള്‍ക്ക് ബദലായി കൊണ്ടുവന്ന മൊബൈല്‍ ടോയ്‌ലറ്റ് മഴയും വെയിലും കൊണ്ട് നശിക്കുകയാണ്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ തോട്ടി തൊഴിലാളികളുടെ സംഘടനയായ സുലഭ ഗ്രൂപ്പാണ് നഗരസഭക്ക് മൊബൈല്‍ ടോയ്‌ലറ്റ് നല്‍കിയത്. ഇത് സത്യഗ്രഹസ്മാരക മന്ദിരത്തിലെ കവാടത്തിനുള്ളില്‍ സ്ഥാപിക്കുകയും പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്തിരുന്നു. നഗരത്തിലെത്തുന്നവര്‍ക്ക് ഏറെ ഗുണകരമായിരുന്നു ഈ ടോയ്‌ലറ്റ്. എന്നാല്‍ പിന്നീടാണ് വിവാദങ്ങള്‍ തലപൊക്കിയത്. ചരിത്രപ്രാധാന്യമുള്ള സ്മാരകത്തെ അവഹേളിക്കുന്നതാണ് എന്നു കാണിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികളുമുയര്‍ന്നു. ഒടുവില്‍ നഗരസഭ മൊബൈല്‍ ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതിനുശേഷം നിരവധി തവണ ടോയ്‌ലറ്റ് ഉപയോഗപ്രദമാക്കാന്‍ നീക്കങ്ങള്‍ നടന്നുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. താലൂക്ക് ആശുപത്രിയുടെ തെക്കുഭാഗത്തുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇത് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനു അധികാരികളുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇപ്പോള്‍ കച്ചേരിക്കവലയില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മൂത്രപ്പുരയുള്ളത്. അഷ്ടമി ഉത്സവവും മണ്ഡലകാലവും ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ വൈക്കത്ത് എത്തുന്ന ഭക്തര്‍ക്ക് ദേവസ്വം ഗ്രൗണ്ടിലെ കംഫര്‍ട്ട് സ്റ്റേഷന്‍ മാത്രമായിരിക്കും ഏക ആശ്രയം. സത്യഗ്രഹ സ്മാരകം മ്യൂസിയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇനി ഇതിനുള്ളില്‍ മൊബൈല്‍ ടോയ്‌ലറ്റ് പ്രവര്‍ത്തനമാരംഭിക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ താലൂക്ക് ആശുപത്രിക്കു സമീപമുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും കൂടുതല്‍ പൊതുമൂത്രപ്പുരകള്‍ ഉണ്ടാക്കുന്നതിനും അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകണമെന്നതാണ് ജനകീയ ആവശ്യം.