Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും ഫലപ്രാപ്തിയിലെത്താതെ അന്ധകാരത്തോട്
04/10/2018
മാലിന്യവാഹിനിയായി മാറിയ വൈക്കം നഗരത്തിലെ അന്ധകാരത്തോട്.

വൈക്കം: നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ടൗണിന്റെ മുഖ്യ ജലസ്രോതസായ അന്ധകാരത്തോട് മാലിന്യവാഹിനിയായതിനെ തുടര്‍ന്നു നടത്തിയ നവീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെങ്കിലും ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ല. രണ്ടാം ഘട്ട നവീകരണത്തിന് ഫണ്ട് അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതിന് വ്യക്തതയില്ല. മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരത്തി ജനജീവിതം ദുസ്സഹമാക്കുന്ന അന്ധകാരത്തോട് വൃത്തിയാക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് നഗരസഭ നേരത്തെ ചില ശുചീകരണ പ്രവൃത്തികള്‍ നടത്തിയെങ്കിലും ഇത് പൂര്‍ണമായും ഫലപ്രാപ്തിയിലെത്തിയില്ല. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് അന്ധകാരത്തോട് സംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങി. തുടര്‍ന്ന് എം.എല്‍.എയും നഗരസഭയും മറ്റും ഇടപെട്ടതോടെ തോട് നവീകരണത്തിന് നബാര്‍ഡില്‍ നിന്ന് 1.73 കോടി രൂപ അനുവദിച്ചു. അന്ധകാരത്തോട്ടിലെ മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടി വശങ്ങളും അടിത്തട്ടും കോണ്‍ക്രീറ്റ് ചെയ്ത് തോട് സംരക്ഷിക്കുകയും നീരൊഴുക്ക് സുഗമമാക്കുകയും ചെയ്യുന്നതായിരുന്നു പദ്ധതി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എല്‍.ഡി.സിയെയാണ് ചുമതലപ്പെടുത്തിയത്. അന്ധകാരത്തോടിന്റെ വടക്കുഭാഗത്തുനിന്ന് പടിഞ്ഞാറെനട കലുങ്കിനു സമീപം വരെയുള്ള ഭാഗങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കലുങ്കിനുസമീപമുള്ള മാലിന്യങ്ങളുടെ ഓട തുറന്നുവച്ചിരിക്കുന്നത് അന്ധകാരത്തോട്ടിലേക്കാണ്. വേനല്‍ക്കാലത്ത് മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറി പ്രദേശമാകെ ദുര്‍ഗന്ധം പരത്തുന്നു. കൊതുക്, പാമ്പ്, എലി എന്നിവയുടെയെല്ലാം താവളമായി തോട് മാറിയിരിക്കുകയാണ്. മഴക്കാലത്തും തോടിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല. പടിഞ്ഞാറെനട കലുങ്ക് മുതല്‍ കെ.വി കനാല്‍ വരെയുള്ള തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ അവസ്ഥ ഏറെ ദയനീയമാണ്. മൂക്കുപൊത്തിയിരുന്നു വേണം ഇവര്‍ക്ക് ഭക്ഷണം പോലും കഴിയ്ക്കാന്‍. തോട്ടില്‍ നിന്നും സാംക്രമിക രോഗഭീഷണിയും ഉണ്ട്. കെ.വി കനാല്‍ വരെയുള്ള ഭാഗം നവീകരിച്ചാല്‍ മാത്രമേ അന്ധകാരത്തോട്ടില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കാതെ നീരൊഴുക്ക് ഉണ്ടാവുകയുള്ളൂ. അന്ധകാരത്തോടിന്റെ വടക്കേയറ്റം കണിയാംതോടു വഴി വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നിലവില്‍ അതിനു രണ്ടു കിലോമീറ്ററിനിപ്പുറം കൊച്ചുകവല-കൊച്ചാലുംചുവട് റോഡിനുസമീപം തോട് അവസാനിക്കുകയാണ്. അവിടെ നിന്ന് വടക്കോട്ട് കണിയാംതോട് വരെയുള്ള ഭാഗങ്ങളിലും പല സ്ഥലങ്ങളിലും തോട് ഇല്ലാത്ത അവസ്ഥയിലാണ്. വൈക്കത്തിന്റെ സര്‍വേ പ്ലാന്‍ കിട്ടാതെ കൈയ്യേറ്റത്തിന്റെ യഥാര്‍ഥ ചിത്രം ലഭിക്കുകയില്ല. തോടിനെ സംരക്ഷിക്കാന്‍ നഗരസഭ ആവിഷ്‌കരിച്ച പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ വീണ്ടും മാലിന്യങ്ങളുടെ കേന്ദ്രമായി അന്ധകാരത്തോട് മാറുകയാണ്. ഇതില്‍ നിന്നും എന്നെങ്കിലും അന്ധകാരത്തോടിന് മോചനം ലഭിക്കുമോയെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.