Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം ബസ് ടെര്‍മിനലിനെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അവഗണിക്കുന്നു
29/09/2018
ദളവാക്കുളം ബസ് ടെര്‍മിനലില്‍ കയറാതെ പുറത്തുനിര്‍ത്തി യാത്രക്കാരെ ഇറക്കുന്ന കെ.എസ്.ആര്‍.ടി.സി ബസ്

വൈക്കം: നഗരത്തിലെ ഗതാഗതപരിഷ്‌കാരത്തില്‍ ഏറ്റവും പ്രധാനമായ ദളവാക്കുളം ബസ് ടെര്‍മിനലിനോട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുലര്‍ത്തുന്ന അവഗണന വിവാദമാകുന്നു. ട്രാഫിക് പരിഷ്‌കാരങ്ങളെ സംബന്ധിച്ച് ഇപ്പോഴും അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോഴാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇതുപോലുള്ള ചീത്തപ്പേര് ഉണ്ടാക്കുന്നത്. സ്വകാര്യ ബസുകളെല്ലാം സ്റ്റാന്റില്‍ കയറി യാത്രക്കാരെ കയറ്റിയിറക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റാന്റിനു പുറത്തു നിര്‍ത്തിയാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇതിനെതിരെ യാത്രക്കാരും മറ്റും പ്രതിഷേധിക്കാറുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിനോടു വലിയ താല്‍പര്യം കാണിക്കാറില്ല. യാത്രക്കാര്‍ നിറയെ നില്‍ക്കുന്ന ബസ് ടെര്‍മിനലില്‍ പോരായ്മകള്‍ ഏറെയാണ്. മഴ പെയ്താല്‍ മഴയും വെയിലായാല്‍ ചൂടും സഹിച്ചുവേണം യാത്രക്കാര്‍ക്ക് ഇവിടെ നില്‍ക്കുവാന്‍. സ്റ്റാന്റിനോടു ചേര്‍ന്നു നില്‍ക്കുന്ന കൊച്ചുകൊച്ചു മരങ്ങളാണ് പലപ്പോഴും ഇവര്‍ക്ക് അത്താണിയാകുന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകളും ദുരിതങ്ങള്‍ അനുഭവിക്കന്നുണ്ട്. ട്രാഫിക് പരിഷ്‌കാരത്തില്‍ ബസ് ടെര്‍മിനലിന് നിര്‍ണായ സ്ഥാനം നല്‍കിയപ്പോള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം മറന്നുപോയി. ആദ്യം വേണ്ടത് ഒരു വെയിറ്റിങ് ഷെഡ്ഡും കംഫര്‍ട്ട് സ്റ്റേഷനുമാണ്. സ്റ്റാന്റിനു സമീപം പെയ്ഡ് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായതാണ്. നിവര്‍ത്തികേടില്‍ പലരും ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും ഗതികെട്ട അവസ്ഥയാണ്. നഗരത്തിന്റെ ആവേശമായ അഷ്ടമി അടുക്കുന്നതിനു മുന്‍പെങ്കിലും ദളവാക്കുളം ബസ് ടെര്‍മിനലില്‍ യാത്രക്കാര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ ഇപ്പോഴത്തെ ഭരണസമിതി മുന്‍കയ്യെടുക്കണമെന്നതാണ് ജനകീയ ആവശ്യം.