Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിക്ക് ആശ്വാസമായി നവീകരിച്ച എക്‌സ് റേ യൂണിറ്റ് എത്തുന്നു.
29/09/2018

വൈക്കം: എന്നും കാലപ്പഴക്കത്തിന്റെ വെല്ലുവിളികള്‍ നേരിടുന്ന താലൂക്ക് ആശുപത്രിക്ക് ആശ്വാസമായി നവീകരിച്ച എക്‌സ് റേ യൂണിറ്റ് എത്തുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. ആശുപത്രിയിലെ കാലപ്പഴക്കംചെന്ന എക്‌സ് റേ ഉപകരണം മാറ്റി ആധുനിക നിലവാരത്തിലുള്ള എക്‌സ് റേ ഉപകരണങ്ങള്‍ നല്‍കണമെന്ന് സി.കെ ആശ എം.എല്‍.എ ആരോഗ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏകദേശം ഇരുപത് ലക്ഷം രൂപ വിലവരുന്ന ആധുനിക ഡിജിറ്റല്‍ എക്‌സ് റേ മെഷീന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. നവംബറോടെ പുതിയ മെഷീന്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റിനെ പറ്റിയുള്ള പരാതികള്‍ പലപ്പോഴും വിവാദത്തില്‍ എത്തിയിട്ടുള്ളതാണ്. ശരീരത്തില്‍ വേദന അനുഭവപ്പെട്ടെത്തുന്ന രോഗികള്‍ക്ക് എക്‌സ് റേ എടുക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുമ്പോള്‍ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. പൊട്ടലേല്‍ക്കാത്ത രോഗിക്ക് എക്‌സ് റേ ചിത്രപ്രകാരം കാലില്‍ പ്ലാസ്റ്റര്‍ ചുറ്റിയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ചിലര്‍ ചൊറിച്ചില്‍ അനുഭവപ്പെട്ട് മറ്റ് സ്വകാര്യ എക്‌സ് റേ ലാബുകളില്‍ എത്തി പുതിയ ചിത്രമെടുത്തപ്പോള്‍ രോഗികള്‍ക്ക് ആര്‍ക്കും പൊട്ടലൊന്നുമില്ലായിരുന്നു. ഇവിടെയെല്ലാം ഡോക്ടര്‍മാരുടെ നിസ്സഹായാവസ്ഥയാണ് തെളിയുന്നത്. കാരണം കാലപ്പഴക്കം ചെന്ന എക്‌സ റേ യൂണിറ്റ് എന്നും ആശുപത്രിക്ക് വെല്ലുവിളിയായിരുന്നു. ഡോക്ടര്‍മാര്‍ പോലും എക്‌സ് റേ യൂണിറ്റിനോട് പ്രതിഷേധിക്കാറുണ്ടെങ്കിലും പുതിയത് സ്ഥാപിക്കുവാന്‍ മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികള്‍ക്കൊന്നും കഴിഞ്ഞിരുന്നില്ല. ഇതിനെല്ലാമാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. പരാധീനതകളിലൂടെ കടന്നുപോകുന്ന താലൂക്ക് ആശുപത്രിയ്ക്ക് എക്‌സ് റേ യൂണിറ്റിലൂടെ നല്ലൊരു മാറ്റമുണ്ടാകട്ടെ എന്നാണ് നാട്ടുകാരുടെ പ്രാര്‍ത്ഥന.