Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് താഴപ്പള്ളി പാലത്തിനുസമീപം ആരംഭിച്ച ഷട്ടര്‍ നിര്‍മാണം ഇഴയുന്നത് പ്രതിഷേധത്തിനിടയാക്കുന്നു
28/09/2018
തലയോലപ്പറമ്പ് താഴപ്പള്ളി പാലത്തിനുസമീപമുള്ള ഷട്ടര്‍ നിര്‍മാണം പുഴയിലേക്ക് നിലംപതിച്ച നിലയില്‍.

വൈക്കം: ഇറിഗേഷന്‍ വകുപ്പ് കോടികള്‍ മുടക്കി തലയോലപ്പറമ്പ് താഴപ്പള്ളി പാലത്തിനുസമീപം ആരംഭിച്ച ഷട്ടര്‍ നിര്‍മാണം ഇഴയുന്നത് വലിയ പ്രതിഷേധത്തിനും ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നു. സംഭവത്തിന്റെ ഗൗരവം അത്രയധികം രൂക്ഷമാകുമ്പോഴും ഇറിഗേഷന്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ചലനങ്ങള്‍ ഉണ്ടാകുന്നില്ല. ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ പഞ്ചായത്ത് അധികാരികള്‍ക്കും കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. മഴക്കാലത്തിനുമുന്‍പ് പൂര്‍ത്തിയായ പണികളെല്ലാം പ്രളയത്തില്‍ ഒലിച്ചപോയി. വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് ഷട്ടറിനു വേണ്ടി സ്ഥാപിച്ചിരുന്ന തെങ്ങിന്‍കുറ്റികളും സമീപത്തുള്ള റോഡുമെല്ലാം വെള്ളത്തില്‍ ഒലിച്ചപോയ അവസ്ഥയാണ്. പതിനഞ്ചിലധികം കുടുംബങ്ങള്‍ സഞ്ചരിക്കന്ന റോഡ് വലിയ അപകടത്തില്‍ ആയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടിയം-താഴപ്പള്ളി റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞിരുന്നു. ഇത് ഇന്നും അപകടനില തരണം ചെയ്യാതെ തന്നെ കിടക്കുകയാണ്. താഴപ്പള്ളിയിലെ ഷട്ടര്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ പുത്തന്‍തോടിന് ജീവന്‍ വെച്ചേക്കും. അതുപോലെ വടയാര്‍ കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് ഉണ്ടാക്കുവാനും സാധിക്കും. എന്നാല്‍ ഷട്ടറിന്റെ പണികള്‍ ആരംഭിക്കുന്നതിനുമുന്‍പ് തീര്‍ക്കേണ്ട കാര്യങ്ങളൊന്നും ഇറിഗേഷന്‍ വകുപ്പ് ഗൗനിച്ചതേയില്ല. വൈക്കം-തലയോലപ്പറമ്പ് റോഡിലെ കെ.ആര്‍ ഓഡിറ്റോറിയത്തിനുസമീപമുള്ള പാലം പുനര്‍നിര്‍മിക്കണം. പാലത്തിന്റെ ഫൗണ്ടേഷന്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കുറുന്തുറ പുഴയിലെ നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് ശക്തിയാകുമ്പോള്‍ മാത്രമേ വെള്ളം കടന്നുപോകുന്നുള്ളൂ. ഇവിടെയെല്ലാം മാലിന്യങ്ങളും മറ്റും കെട്ടിക്കിടക്കുന്നുണ്ട്. പാലത്തിന്റെ ഇപ്പുറത്തുനിന്ന് വടയാറിലേക്കു പോകുന്ന തോടില്‍ ഇപ്പോള്‍ മാലിന്യങ്ങള്‍ കുറവാണ്. ഈ ഭാഗത്തു വെള്ളം നല്ലരീതിയില്‍ തെളിഞ്ഞും കിടക്കുന്നു. എന്നാല്‍ പാലത്തിന്റെ ഒരു വശത്തുനിന്ന് മൂവാറ്റുപുഴയാറിലേക്കു പോകുന്ന തോടിന്റെ വശങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ വെള്ളം ചീഞ്ഞുനാറുകയാണ്. കൂടാതെ പുഴു, എലി, ഇഴജന്തുക്കള്‍ എന്നിവയുടെയുമെല്ലാം ശല്യവുമേറെയാണ്. വെള്ളത്തില്‍ നിന്ന് പരക്കുന്ന ദുര്‍ഗന്ധം വളരെയധികം പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. കുറുന്തുറ പുഴയില്‍ വഴിപാടാക്കിയ കോടികള്‍ ഉണ്ടായിരുന്നെങ്കില്‍ പാലം പുനര്‍നിര്‍മിച്ച് പുഴയെ രക്ഷിക്കുവാന്‍ സാധിക്കുമായിരുന്നു. ഇതെല്ലാം മറന്നുവെച്ചുകൊണ്ടാണ് ധൃതിപിടിച്ച് ഷട്ടര്‍ നിര്‍മാണം ആരംഭിച്ചത്. ഇതും എങ്ങുമെത്തുന്ന ലക്ഷണമില്ല. ഷട്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കി അടിയം ചാലിനുസമീപമുള്ള രണ്ടു വശങ്ങളില്‍ നീരൊഴുക്ക് കാര്യക്ഷമമാക്കുവാന്‍ പുതിയ ചാലുകള്‍ ഉണ്ടാക്കണം. ഇതിന്റെ നിര്‍മാണം ഏകദേശം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അലസത മറന്ന് കാര്യക്ഷമമാക്കിയില്ലെങ്കില്‍ അടിയത്തെ പതിനഞ്ചിലധികം വീടുകള്‍ക്കും റോഡിനുമെല്ലാം ഭീഷണിയുണ്ടാകും. വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുവാന്‍ എം.എല്‍.എയും പഞ്ചായത്തുമെല്ലാം രംഗത്തുവരണം. അല്ലാത്തപക്ഷം ഇറിഗേഷന്‍ വകുപ്പിന്റെ മെല്ലെപ്പോക്ക് തന്നെയായിരിക്കും ഇവിടെയും തുടരുക.