Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറ്റിലെ മണല്‍ ഖനന നിരോധനം പുന:പരിശോധിക്കണം
27/09/2018
മണല്‍ഖനനം നിരോധിച്ച മൂവാറ്റുപുഴയാര്‍.

വൈക്കം: പ്രളയത്തില്‍ മൂവാറ്റുപുഴയാറിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത് വന്‍മണല്‍ ശേഖരമാണ്. ഈ സമയം മണല്‍ ഖനനം പുനരാരംഭിച്ചു കൂടേ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. മണല്‍ ഖനനമാണ് പ്രളയത്തെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയത്. അല്ലെങ്കില്‍ ഇതിലേറെ നാശനഷ്ടങ്ങള്‍ പുഴ കവിഞ്ഞൊഴുകി ഉണ്ടായേനെ. ഖനനം പുനരാരംഭിച്ചാല്‍ വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, പഞ്ചായത്തുകളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കും. അതിനുപുറമെ എം സാന്റ് ലോബി നിര്‍മാണ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ളക്ക് ഒരുപരിധി വരെ നിയന്ത്രണം ഉണ്ടാക്കാനും സാധിക്കും. മൂവാറ്റുപുഴയാറ്റിലെ മണല്‍ ഖനന നിരോധനം വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് തൊഴിലാളികളെ ഇന്നും വലയ്ക്കുകയാണ്. പല കുടുംബങ്ങളും ഇപ്പോള്‍ ദാരിദ്ര്യത്തിന്റെ നടുവിലാണ്. ഖനനം നിരോധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മാറ്റിയെടുക്കുവാന്‍ പഞ്ചായത്തുകള്‍ ആശാന്ത പരിശ്രമം നടത്തിയിട്ടും കളക്ടറേറ്റില്‍ നിന്നുപോലും ഇതുവരെയായി ഒരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍ പോലും നടപടികള്‍ക്ക് മാറ്റമുണ്ടാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ആശാസ്ത്രീയമായ പഠനറിപ്പോര്‍ട്ടാണ് വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ മൂവാറ്റുപുഴയാറില്‍ നിന്നുള്ള മണല്‍ ഖനനം നിരോധനത്തിനുള്ള പ്രധാന കാരണം. പഠനറിപ്പോര്‍ട്ട് വന്നപ്പോഴാണ് പഞ്ചായത്തുകള്‍ വിവരം അറിയുന്നത്. ജില്ല കേന്ദ്രീകരിച്ച് സജീവമായിക്കൊണ്ടിരിക്കുന്ന എംസാന്റ് ലോബിയാണ് പഠന ഏജന്‍സിക്കു മുന്നില്‍ ചരടുവലികള്‍ നടത്തിയതെന്ന് അന്നുണ്ടായ ആരോപണത്തിന് അടിവരയിടുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. കാരണം മണല്‍ കിട്ടാതെ വന്നതോടെ എംസാന്റ് ലോബിയുടെ വളര്‍ച്ച അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു. ഖനനം നിലച്ചതോടെ വെള്ളൂര്‍ പഞ്ചായത്താണ് ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത്. പഞ്ചായത്തില്‍ ആറ് കടവുകളാണ് ഉണ്ടായിരുന്നത്. കടവുകള്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ദിവസേന ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് പഞ്ചായത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ കടവുകള്‍ നിലച്ചതോടെ വന്‍സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പഞ്ചായത്തിന് ഉണ്ടായിരിക്കന്നത്. ഇതിനുപുറമെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പണിയും ഇല്ലാതായി. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം നിര്‍മിക്കുവാനുള്ള പണികള്‍ സംസ്ഥാനമൊട്ടാകെ ആരംഭിച്ചിട്ടുണ്ട്. ഇവിടെയെല്ലാം അനിവാര്യമാകേണ്ടത് മണലാണ്. ഇതെല്ലാം മുന്‍നിര്‍ത്തി മൂവാറ്റുപുഴയാറിലെ മണല്‍ ഖനനം പുനരരാംഭിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ മുന്നിട്ടിറങ്ങണം. ഇതിനുസാധ്യമായാല്‍ പരിസ്ഥിതിക്ക് ദോഷമല്ലാത്ത രീതിയില്‍ മൂവാറ്റുപുഴയാറിലെ സമ്പത്തിനെ ഉപയോഗപ്രദമാക്കാന്‍ സാധിക്കും.