Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം -വെച്ചൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യം.
27/09/2018

വൈക്കം: പ്രളയക്കെടുതിയില്‍ ഗതാഗത യോഗ്യമല്ലാതായി തീര്‍ന്ന വൈക്കം -വെച്ചൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നാവശ്യം. തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധമുള്ള കുഴികളാണ് റോഡില്‍. കന്നി-തുലാം കാലവര്‍ഷത്തില്‍ ഈ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതുമൂലം ഇരുചക്രവാഹന യാത്രക്കാരും മറ്റും അപകടങ്ങളില്‍പ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വാഹനഗതാഗതമുള്ള ഈ റോഡ് വീതികൂട്ടുന്നതിനും അഞ്ചുമനപ്പാലം പുതുക്കി നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ കിഫ്ബിയില്‍ 93.72 കോടി രൂപയുടെ പദ്ധതി തുക നീക്കി വെച്ചുവെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. 14 മീറ്റര്‍ വീതി ഉറപ്പുവരുത്തുന്നതിനാവശ്യമായ സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇത് ഊര്‍ജ്ജിതമാക്കുന്നതിനായി ലാന്റ് അക്യൂസിഷന്‍ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യവും സജീവമാണ്. ഈ നടപടികള്‍ നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ അടിയന്തിരമായി റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കണം. ഇതിന് താമസം നേരിട്ടാല്‍ നിലവിലുള്ള റോഡുകൂടി തകരുകയാവും ഫലം. ടോറസ് ലോറി മുതല്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡില്‍ നിരവധി അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്. വൈക്കത്തു നിന്നും ഇടയാഴം വഴി മെഡിക്കല്‍ കോളേജിലേക്കും ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തേയ്ക്കും ജില്ലാ ആസ്ഥാനമായ കോട്ടയത്തേയ്ക്കും ആലപ്പുഴ ജില്ലയുടെ ഭാഗമായ തണ്ണീര്‍മുക്കം, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേയ്ക്കുമുള്ള വാഹനയാത്രക്കാര്‍ ആശ്രയിക്കുന്ന വൈക്കം-വെച്ചൂര്‍-ബണ്ട് റോഡിന്റെ ശോച്യാവസ്ഥയ്ക്കും പരിഹാരമുണ്ടാക്കാന്‍ അധികാരികള്‍ അടിയന്തിര ശ്രദ്ധ നല്‍കണം. നവംബര്‍ 19ന് വൈക്കത്തഷ്ടമി ഉത്സവം ആരംഭിക്കുന്നതിന് മുന്‍മ്പ് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് താലൂക്ക് റസിഡന്റ് അസോസിയേഷന്‍ (ട്രാക്ക്) പൊതുയോഗം ആവശ്യപ്പെട്ടു.