Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയം കടന്നു പോയത് നാളികേരമേഖലയുടെ നട്ടെല്ലൊടിച്ച്
20/09/2018

വൈക്കം: വെളിച്ചെണ്ണയുടെ വില തരക്കേടില്ലാത്ത നിലയില്‍ എത്തുമ്പോഴും നാളികേരത്തിന് ആവശ്യക്കാരേറുന്ന സമയത്തും കുതിച്ചെത്തിയ പ്രളയം നാളികേര മേഖലയുടെ നട്ടെല്ലൊടിച്ചു. മാസങ്ങള്‍ക്കുമുന്‍പു വരെ ഉണ്ടായിരുന്ന ആവേശം കെട്ടടങ്ങുന്ന സ്ഥിതിവിശേഷമാണ്. ഇനി വരാനിരിക്കുന്ന ശബരിമല സീസണിലേക്കു നാളികേരം കണ്ടെത്തുക കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. കാരണം വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും തെങ്ങ് വേരുചീഞ്ഞ് ഓലകളും മറ്റും ഉണങ്ങി നിലംപതിക്കാന്‍ തുടങ്ങി. വെള്ളക്കകള്‍ കൂട്ടത്തോടെ വാടി വീഴുകയാണ്. ഇത് കര്‍ഷകര്‍ക്ക് വലിയ ആശങ്കയാണ് വരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഒരു കിലോ തേങ്ങയ്ക്ക് 30 രൂപ വരെ ലഭിക്കുന്നുണ്ട്. ഇതിനിടയില്‍ കര്‍ഷകരെ പിഴിയുന്ന ഇടനിലക്കാരുടെ ശല്യം ഏറെയാണ്. ഇടനിലക്കാര്‍ വലിയ ലാഭം ഉണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പേരിനുമാത്രമാണ് ഇതിന്റെ പങ്ക് ലഭിക്കുന്നത്. തലയാഴം, ടി.വി പുരം, വെച്ചൂര്‍, ഉദയനാപുരം പഞ്ചായത്തുകളിലാണ് ഏറ്റവുമധികം നാളികേര കര്‍ഷകര്‍ ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ മണ്ഡരി രോഗത്തിനുശേഷം ഈ മേഖല അല്‍പം പച്ചപിടിച്ചു വരുമ്പോഴാണ് ഇപ്പോഴത്തെ വെള്ളപ്പൊക്ക പ്രതിസന്ധി എത്തുന്നത്. നാളികേര മേഖലയുടെ ഉണര്‍വുകണ്ട് പൂട്ടിക്കിടന്ന പല കൊപ്രാക്കളങ്ങളും തുറന്നിരുന്നു. ഇവിടെയുമെല്ലാം ഇപ്പോള്‍ ഇരുളിന്റെ വെളിച്ചമാണ് എത്തിയിരിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തേങ്ങാസംഘങ്ങളും പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. തേങ്ങാസംഘങ്ങളില്‍ നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ ഇപ്പോള്‍ തിരിച്ചടക്കാന്‍ പാടുപെടുകയാണ്. കാരണം തേങ്ങയുടെ വില റെക്കോര്‍ഡുകള്‍ ഭേദിച്ച സമയത്താണ് ഇവര്‍ വീടുനിര്‍മാണത്തിനും മറ്റുമെല്ലാം വായ്പയെടുത്തത്. ഇത് വലിയ കുഴപ്പമില്ലാതെ അടച്ചുവരുമ്പോഴാണ് ഇരുട്ടടി പോലെ പ്രളയമെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തേങ്ങാവില വര്‍ധിച്ചാലും ആവശ്യത്തിന് നാളികേരം ലഭിക്കുക സാധ്യമല്ലാത്ത കാര്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ മുതലാക്കി നാളികേരങ്ങളും കരിക്കുമെല്ലാം എത്തി തുടങ്ങിയിട്ടുണ്ട്. ഇതും പരമ്പരാഗത നാളികേര കര്‍ഷകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. നാളികേര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇതിനിടയില്‍ മുണ്ടാര്‍ പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളം കെട്ടികിടക്കുന്നത് തെങ്ങ് കൂട്ടത്തോടെ ചീഞ്ഞുപോകുന്നതിന് വഴിയൊരുക്കുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലാണ് ഏറ്റവുമധികം തെങ്ങുകള്‍ മറിഞ്ഞുവീണത്. ഇതിന്റെയെല്ലാം യഥാര്‍ത്ഥ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കാര്‍ഷിക മേഖലയില്‍ എന്നും അവഗണിക്കപ്പെടുന്നതും നാളികേര മേഖലയാണ്. റബ്ബറിന്റെയും നെല്ലിന്റെയുമെല്ലാം വിലയിടിയുമ്പോള്‍ അരങ്ങുതകര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും മറ്റും നാളികേര മേഖലയുടെ പ്രതിസന്ധിയോടും മറ്റും മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. ഈ സ്ഥിതിവിശേഷത്തിനു മാറ്റം വരണം. എങ്കില്‍ മാത്രമേ ഈ പരമ്പരാഗത മേഖലയ്ക്ക് പുനര്‍ജീവന്‍ ഒരുക്കാന്‍ സാധിക്കൂ.