Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയം തകര്‍ത്തെറിഞ്ഞ മണ്ഡലത്തിലെ പല കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ഇന്നും അകലെ.
19/09/2018

വൈക്കം: പ്രളയം തകര്‍ത്തെറിഞ്ഞ മണ്ഡലത്തിലെ പല കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങള്‍ ഇന്നും അകലെ. പ്രളയക്കെടുതി അനുഭവിച്ച കുടുംബങ്ങളെ ക്യാമ്പുകളില്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥരാണ് അര്‍ഹതപ്പെട്ട സഹായങ്ങള്‍ കിട്ടുന്നതിന് തടസ്സം നില്‍ക്കുന്നത്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലാണ് ഇതുപോലുള്ള പ്രവൃത്തികള്‍ ഏറെയും നടമാടുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോയി. പലരും ദുരിതാശ്വാസ ക്യാമ്പുകളിലും ദൂരസ്ഥലങ്ങളിലുള്ള ബന്ധുവീടുകളിലുമാണ് അഭയം തേടിയത്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ക്യാമ്പുകളില്‍ സ്ഥലം കിട്ടാതെ വന്നതിനെ തുടര്‍ന്ന് പലരും നഗരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്. കൂടുതല്‍ ആള്‍ക്കാര്‍ വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പിലാണ് കഴിഞ്ഞുകൂടിയത്. ക്യാമ്പുകളില്‍ ഇവര്‍ക്ക് എല്ലാ രീതിയിലുമുള്ള സൗകര്യങ്ങളും സഹായങ്ങളും ലഭിച്ചിരുന്നു. ഇതിനുശേഷം വീടുകളിലേക്ക് മടങ്ങിയപ്പോഴും കിറ്റുകളും കൊടുത്താണ് അധികാരികള്‍ ഇവരെ വീട്ടിലേക്ക് അയച്ചത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാങ്ക് അക്കൗണ്ടില്‍ എത്തേണ്ട തുക ഇതുവരെ ലഭ്യമായിട്ടില്ല. തലയാഴം ഗ്രാമപഞ്ചായത്തിലും അര്‍ഹതപ്പെട്ട പലര്‍ക്കും ഇപ്പോഴും സഹായം ലഭിച്ചിട്ടില്ല. രണ്ടാം വാര്‍ഡിലാണ് ഏറ്റവുമധികം കുഴപ്പങ്ങള്‍. ഇണ്ടംതുരുത്ത് കോളനിയില്‍ ഒരു വീട്ടിലും വെള്ളം കയറിയില്ല. എന്നാല്‍ ഇവര്‍ക്കെല്ലാം സര്‍ക്കാരിന്റെ ആശ്വസം ലഭിച്ചപ്പോള്‍ ഈ മേഖലയില്‍ വീടുപോലും മുങ്ങി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ പതിനൊന്നിലധികം കുടുംബങ്ങള്‍ക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. ഇവിടെയെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ കര്‍മനിരതരായി നിലനില്‍ക്കുമ്പോഴും ചില ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അഴിഞ്ഞാടുകയാണ്. ജനപ്രതിനിധികള്‍ പലരും അവരുടെ ഇഷ്ടത്തിനനുസരിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട വില്ലേജ് റവന്യു അധികാരികള്‍ നിഷ്‌ക്രിയത്വമാണ് പുലര്‍ത്തുന്നത്. ചില സ്ഥലങ്ങളില്‍ ബാങ്ക് അക്കൗണ്ടില്‍ എത്തുന്ന സഹായത്തിന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് അവര്‍ക്ക് വേണ്ടപ്പെട്ടവരോട് ജനപ്രതിനിധികള്‍ പറയുന്ന രഹസ്യവിവരവും പുറത്തുവന്നിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറി സകലതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും ഇതുവരെയായി സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചിട്ടില്ല. പടിഞ്ഞാറെക്കര ഭാഗത്ത് വെള്ളം കയറി പത്തിലധികം വീടുകളിലെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചിരുന്നു. കൊടിയാട് ഭാഗത്ത് അഞ്ചിലധികം വീടുകള്‍ക്ക് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ പലതും വാസയോഗ്യമല്ലാതായിരിക്കുകയാണ്. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലും വലിയ ദുരന്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡ് ഇടിഞ്ഞ് ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നത് ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ ഭാഗം സന്ദര്‍ശിച്ചിരുന്നു. ഉടന്‍ തന്നെ എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കിയാണ് ഇവരെല്ലാം മടങ്ങിയത്. എല്ലാം ഇപ്പോഴും അതുപോലെ തന്നെയാണ് നില്‍ക്കുന്നത്. മഴക്കാലത്തുണ്ടായ വൈദ്യുതി പ്രശ്‌നങ്ങള്‍ പഞ്ചായത്തിലെ വടകര, പയ്യപ്പള്ളി, വരിക്കാംകുന്ന് ഭാഗങ്ങളില്‍ ഇപ്പോഴും തുടരുകയാണ്. പകല്‍ സമയത്ത് ഇവിടെ പൂര്‍ണമായി വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. സന്ധ്യ മയങ്ങിയാല്‍ വൈദ്യുതി ഒളിച്ചുകളിക്കുന്നു. ഇതുപോലെ ജനങ്ങളെ ബാധിക്കുന്ന ഒരുപിടി പ്രശ്‌നങ്ങള്‍ പ്രളയം മാറിയിട്ടും നിലനില്‍ക്കുകയാണ്. ഇവിടെയെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അധികാരികള്‍ കാര്യമായി ഇനിയെങ്കിലും ഉത്തരവാദിത്തം പുലര്‍ത്തണമെന്നാണ് ജനകീയ ആവശ്യം.