Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകളുടെ വിതരണം കുറച്ചുകൂടി സുതാര്യമാക്കണം.
17/09/2018
പ്രളയബാധിതര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ അനുവദിച്ച കിറ്റ് വാങ്ങാന്‍ അനുഭവപ്പെട്ട തിരക്ക്.

വൈക്കം: പ്രളയത്തെ വെല്ലുന്ന ദുരിതങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകള്‍ വാങ്ങാന്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന വേദന. മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളിലും ആശ്വാസ കിറ്റുകള്‍ വാങ്ങുവാന്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ പൊരിവെയിലത്തു നിരന്നു. ഉദ്യോഗസ്ഥര്‍ പലരും പത്തു മണി കഴിഞ്ഞാണ് എത്തിയത്. ഇവരെത്തിയാല്‍ റേഷന്‍ കാര്‍ഡുമായി ജനങ്ങള്‍ നിരനിരയായി ഇവര്‍ക്കുമുന്നിലേക്കെത്തുന്നു. കിറ്റുകള്‍ നല്‍കാന്‍ ചിലര്‍ തടസ്സമാകുന്നു. നിങ്ങള്‍ക്ക് ഇവിടെ നിന്നല്ല കിറ്റുകള്‍ ലഭിക്കേണ്ടതെന്നും കാര്‍ഡ് പ്രകാരം മറ്റു സ്ഥലത്താണ് നിങ്ങളുടെ കിറ്റെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മണിക്കൂറുകള്‍ പൊരിവെയിലത്ത് കാത്തുനിന്ന ജനങ്ങളോടാണ് ഉദ്യോഗസ്ഥരുടെ നിഷേധസമീപനങ്ങള്‍. പ്രളയക്കെടുതി അനുഭവിക്കുന്നവരോട് അനുകമ്പ കാണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പുല്ലുവിലയാണ് കല്‍പിക്കന്നത്. വെള്ളം കയറി സര്‍വതും നശിച്ചവര്‍ക്ക് സര്‍ക്കാര്‍ ആശ്വാസമായി അനുവദിച്ച പതിനായിരം രൂപ ഭൂരിഭാഗത്തിനും ഇനിയും ലഭിക്കാനുണ്ട്. മറവന്‍തുരുത്ത് പഞ്ചായത്തിലെ കൂട്ടുമ്മേല്‍ ക്ഷേത്രത്തിനു പുറകുവശം വെള്ളം കയറി ഇരുപത്തിയഞ്ചിലധികം വീടുകള്‍ക്ക് കേടുപാടുകളും നിരവധി വീട്ടുകാരുടെ ഗൃഹോപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. ഇവര്‍ക്കൊന്നും ഇതുവരെ ആശ്വാസസഹായം ലഭിച്ചിട്ടില്ല. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകളുടെ വിതരണം കുറച്ചുകൂടി സുതാര്യമാക്കണം. അല്ലാതെ ജനങ്ങളെ പൊരിവെയിലത്തു കാത്തുനിര്‍ത്തി വലയ്ക്കരുത്. ചില സ്ഥലങ്ങളില്‍ കിറ്റുകളില്‍ നിന്ന് ചില സാധനങ്ങള്‍ എടുത്തുമാറ്റുന്നതായും പരാതിയുണ്ട്.