Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാവരും വീടികളിലേക്ക് തിരികെ പോയി. തമ്പി ഒഴികെ
12/09/2018
പ്രളയത്തില്‍ തകര്‍ന്ന വീടിനുമുന്നില്‍ മേവെള്ളൂര്‍ വാളയാനിയില്‍ തമ്പിയും ഭാര്യ നിര്‍മലയും.

വൈക്കം: ഓരോദിവസവും തന്റെ തകര്‍ന്നുപോയ വീടിനടുത്ത് വന്നു തമ്പി കണ്ണീരൊഴുക്കും. പ്രളയം തകര്‍ത്തത് തമ്പിയുടെ വീടും വീട്ടുപകരണങ്ങളും മാത്രമല്ല ജീവിതം തന്നെയാണ്. ജന്മനാ മൂകനും ബധിരനുമായ വെള്ളൂര്‍ പഞ്ചായത്ത് മേവെള്ളൂര്‍ വാളയാനിയില്‍ തമ്പിയുടെ ജീവിതകഥ ആരെയും ഈറനണിയിക്കും. മാതാപിതാക്കള്‍ മരിക്കുന്നതിനുമുമ്പ് തല്ലിക്കൂട്ടിയ മണ്‍കട്ടകള്‍ കൊണ്ട് പണിത വീടിന് പ്രളയത്തെ ചെറുക്കാന്‍ അല്‍പംപോലും കഴിവില്ലായിരുന്നു. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ തമ്പി, ഭാര്യ നിര്‍മ്മലയെയും ഏക മകനെയുംകൂട്ടി ഉടുതുണിക്ക് മറുതുണിയില്ലാതെ രക്ഷപ്പെടുകയായിരുന്നു. വെള്ളമിറങ്ങി മറ്റുള്ളവര്‍ വീടുകളിലേക്ക് മടങ്ങി ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വെള്ളൂര്‍ പത്രക്കടലാസ് നിര്‍മാണശാല താല്‍ക്കാലികമായി നല്‍കിയ ക്വാര്‍ട്ടേഴ്‌സില്‍ അന്തിയുറങ്ങാന്‍ ആണ് തമ്പിക്കും കുടുംബത്തിനും ഇപ്പോഴും വിധി. ക്വാര്‍ട്ടേഴ്‌സില്‍ നിന്നും താമസിയാതെ ഒഴിവാകേണ്ടി വരും എന്ന് തമ്പിക്കും അറിയാം. വീട്ടുജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന ഭാര്യയ്ക്കും പഠിച്ചുകൊണ്ടിരിക്കുന്ന മകനെയുംകൂട്ടി എങ്ങനെ പുതിയതായി ഒരു വീട് ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുകയാണ് തൊഴില്‍രഹിതനും രോഗിയുമായ തമ്പി. വെള്ളൂര്‍ പഞ്ചായത്തിന്റെ അഗതി ആശ്രയ പദ്ധതിയില്‍ പെട്ടിട്ടും വീട് ലഭിക്കാതെപോയ തമ്പിക്ക് പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി പുതിയൊരു വീട് വച്ചു കിട്ടാന്‍ കാലം ഏറെ കാത്തിരിക്കേണ്ടി വരും. വെള്ളൂര്‍ പഞ്ചായത്തിന്റെയും മറ്റു സുമനസ്സുകളുടെയും സഹായം ലഭ്യമാക്കി മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ തമ്പിക്കും കുടുംബത്തിനും ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്.