Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാപ്രളയത്തിനു ശേഷം ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുവാന്‍ വിദേശ സഞ്ചാരികള്‍ എത്തിത്തുടങ്ങി.
11/09/2018
മഹാപ്രളയത്തിനു ശേഷം ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുവാന്‍ വന്ന വിദേശ സഞ്ചാരികളെ വൈക്കത്തെ ടൂറിസം സംരംഭകരെ പ്രതിനിധീകരിച്ച് പി.കെ രമേഷ് മുറിഞ്ഞപുഴയില്‍ സ്വീകരിക്കുന്നു

വൈക്കം: മഹാപ്രളയത്തിനു ശേഷം ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുവാന്‍ വിദേശ സഞ്ചാരികള്‍ എത്തിത്തുടങ്ങി. വെസ്റ്റ് ആഫ്രിക്കയില്‍ നിന്നുള്ള അഗ്യാറെ ബെഡിയാക്കോയും സംഘവുമാണ് കൊച്ചിയില്‍ നിന്നും വൈക്കത്തിന്റെ ഗ്രാമീണ ജീവിതം കണ്ടറിയുവാന്‍ ഇന്നെത്തിയത്. വൈക്കത്ത് ഇന്നെത്തിയ ഇവര്‍ പൂത്തോട്ട, മുറിഞ്ഞപുഴ പ്രദേശത്ത് ശിക്കാരി ബോട്ടിങ്ങ് നടത്തി. വൈക്കത്തെ ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന ഗ്രാമീണ ജീവിതവും, പരമ്പരാഗത മത്സ്യബന്ധന രീതികളും, കള്ളുചെത്ത്, കയര്‍പിരിത്തം, തഴപ്പായ നെയ്ത്ത്, കൈത്തറി, മണ്‍പാത്രനിര്‍മ്മാണം തുടങ്ങിയവ ആസ്വദിച്ചു. തുടര്‍ന്ന് വാഴയിലയില്‍ സമൃദ്ധമായ കേരളീയ സദ്യയും ഇവര്‍ക്ക് ഒരുക്കിയിരുന്നു. ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവമാണ് ഈ യാത്രയിലൂടെ ലഭ്യമായതെന്ന് സഞ്ചാരികള്‍ പറഞ്ഞു. പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രവും ഇവര്‍ സന്ദര്‍ശിച്ചു. മഹാപ്രളയത്തിനു ശേഷവും വൈക്കത്തിന്റെ സൗന്ദര്യം പ്രത്യേകിച്ച് നാട്ടുതോടുകളുടെയും വേമ്പനാട് കായലിന്റെയും സൗന്ദര്യം ഒട്ടും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രൊ. മൊറിക്കി ഒഹറ പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍ സംഘത്തെ വൈക്കത്തെ ടൂറിസം സംരംഭകരെ പ്രതിനിധീകരിച്ച് പി.കെ രമേഷ് മുറിഞ്ഞപുഴയില്‍ സ്വീകരിച്ചു. അടുത്ത ടൂറിസം സീസണിലേക്ക് വൈക്കത്തെ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് പാക്കേജുകള്‍ക്ക് ബുക്കിങ്ങ് ലഭിച്ചു കഴിഞ്ഞതായി പി.കെ രമേഷ് പറഞ്ഞു.