Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മല്‍സ്യത്തൊഴിലാളികളുടെ ത്യാഗപൂര്‍വ്വമായ സേവനം മറക്കാനാവാത്ത അനുഭവമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ
08/09/2018
മല്‍സ്യഫെഡിന്റെ നേതൃത്വത്തില്‍ വനിതാ മല്‍സ്യവിപണന തൊഴിലാളികള്‍ക്കുള്ള പലിശരഹിത വായ്പാ വിതരണ സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയജലത്തിന്റെ തള്ളികയറ്റത്തില്‍ ഒഴുക്കിനെ അതിജീവിച്ച് അനേകായിരങ്ങള്‍ക്ക് ജീവന്റെ സംരക്ഷണവലയം തീര്‍ത്ത മല്‍സ്യത്തൊഴിലാളികളുടെ ത്യാഗപൂര്‍വ്വമായ സേവനം മറക്കാനാവാത്ത അനുഭവമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. മഹാപ്രളയത്തില്‍ നിന്നും ജനങ്ങളെ കരകയറ്റിയ മല്‍സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് അര്‍ത്ഥവത്താണെന്ന് മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. പ്രളയക്കെടുതിയില്‍ ഉള്‍നാടന്‍ മല്‍സ്യമേഖലയ്ക്ക് വലിയ ക്ഷീണമാണ് സംഭവിച്ചത്. അത് പരിഹരിക്കുവാന്‍ ഈ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യഫെഡിന്റെ നേതൃത്വത്തില്‍ വനിതാ മല്‍സ്യ തൊഴിലാളി വികസനക്ഷേമ സഹകരണസംഘങ്ങളിലെ 950 അംഗങ്ങള്‍ക്ക്് സ്വയം തൊഴില്‍ പദ്ധതിക്കായി ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ പലിശരഹിത വായ്പാ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയക്കെടുതിയില്‍ നദികളില്‍ വന്നുകൂടിയ മണ്ണും എക്കലും നീക്കം ചെയ്ത് ശുചീകരിച്ച് നദികളുടെ ആഴം നിയന്ത്രിച്ച് ശുദ്ധജല മല്‍സ്യകൃഷി സംരക്ഷിക്കേണ്ട ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. സീതാറാം ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സി.കെ. ആശ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. മല്‍സ്യ ഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, ആര്‍.സന്തോഷ്, പി.എസ്. രേഖ, ശ്രീവിദ്യ സുമോദ്, എസ്.ജയശ്രീ, കെ.കെ. രമേശന്‍, എന്‍.സി. സുകുമാരന്‍, ഡി.ബാബു, പി.ടി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.