Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ജീവാവസ്ഥയില്‍ വൈക്കത്തെ മണ്‍പാത്രനിര്‍മ്മാണമേഖല
06/09/2018
വൈക്കപ്രയാര്‍ മണ്‍പാത്ര വ്യവസായ സഹകരണസംഘത്തിലെ അംഗങ്ങള്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാറിനൊപ്പം.

വൈക്കം: ഓണവിപണി ലക്ഷ്യമിട്ട് ഒരുക്കിയ മണ്‍പാത്രങ്ങളെല്ലാം പ്രളയത്തില്‍ ഒഴുകിപ്പോയത് വൈക്കത്തെ പരമ്പരാഗത തൊഴിലായ മണ്‍പാത്ര നിര്‍മാണമേഖലയെ നിര്‍ജീവാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ ഏറ്റവുമധികം മണ്‍പാത്ര നിര്‍മാണ തൊഴിലാളികളും അതിനെ അടിസ്ഥാനമാക്കി ജീവിക്കുന്ന നിരവധിയാളുകളും ഉള്‍പ്പെടുന്ന വൈക്കപ്രയാര്‍ മണ്‍പാത്ര വ്യവസായ സഹകരണസംഘത്തെ പ്രളയം തകര്‍ത്തിരിക്കുകയാണ്. കാലങ്ങള്‍ക്ക് മുന്‍പ് നൂറിലധികം കുടുംബങ്ങള്‍ മണ്‍പാത്ര വ്യവസായത്തിലൂടെ ഉപജീവനം നടത്തിയിരുന്നു. ഇപ്പോള്‍ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കുന്നത് പതിനെട്ടിലധികം കുടുംബങ്ങള്‍ മാത്രമാണ്. അടുക്കള പാത്രങ്ങളും കള്ള് ചെത്തിനുപയോഗിക്കുന്ന മാട്ടവുമെല്ലാമാണ് ഇവിടെനിന്നും കൂടുതലായി ഉല്‍പാദിപ്പിക്കുന്നത്. വര്‍ഷത്തിലൊരിക്കലെത്തുന്ന ഓണമാണ് ഇവരുടെ മനസ്സിലെ ആവേശം. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പ്രളയം എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു. ചൂളയിടാന്‍ പാകത്തില്‍ വെച്ചിരുന്ന മണ്‍പാത്രങ്ങളെല്ലാം ഒഴുകിപ്പോയി. പുറമെ ഇവരുടെ ചൂളയും പാത്രങ്ങള്‍ മെനയാനുള്ള അച്ചും പണി ആയുധങ്ങളുമെല്ലാം നശിച്ചു. ഒരു കുടുംബത്തിന് ഏകദേശം രണ്ടുലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ സഹായങ്ങലില്ലാതെ വന്നാല്‍ വൈക്കപ്രയാറിലെ മണ്‍പാത്ര നിര്‍മാണ മേഖല പുനരുജ്ജീവിക്കുന്ന കാര്യം കാത്തിരുന്നു കാണേണ്ട അവസ്ഥയാണ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാറിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഉണ്ടായ ദുരിതങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി കഴിഞ്ഞദിവസം താലൂക്ക് വ്യവസായ ഓഫീസ് അധികാരികള്‍ ഈ മേഖല സന്ദര്‍ശിച്ചിരുന്നു. എം.എല്‍.എ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുവാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ ജോസ് കെ.മാണി എം.പിയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ച് കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ സഹായങ്ങളും നേടാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്.