Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനിര്‍വചനീയമായ വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് വെച്ചൂര്‍ ജുമാ മസ്ജിദ്
03/09/2018
വെച്ചൂര്‍ ജുമാമസ്ജിദില്‍ എത്തിയ അച്ചിനകം പള്ളി വികാരി ഫാ. സനു പുതുശേരി ഇമാം അസ്ഗര്‍ മൗലവി കുമ്മനത്തോടൊപ്പം.

വൈക്കം: അനിര്‍വചനീയമായ വൈകാരിക നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച വെച്ചൂര്‍ ജുമാ മസ്ജിദ് സാക്ഷിയായത്. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും നല്‍കിയ നിമിഷങ്ങളായിരുന്നു അത്. ഏറെ നേരം നീണ്ടു നില്‍ക്കാറുള്ള ജുമുഅ നമസ്‌കാരത്തിനുമുന്നോടിയായുള്ള ഇമാം അസ്ഗര്‍ മൗലവി കുമ്മനം പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കുന്നതു കണ്ടു ഇതിന്റെ കാരണങ്ങള്‍ ഏവരും അന്വേഷിക്കുന്നതിനിടയില്‍ മസ്ജിദിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കയറി വന്നു. അച്ചിനകം ക്രിസ്ത്യന്‍ പള്ളിയിലെ വികാരി ഫാ. സനു പുതുശേരിയാണ് അങ്ങോട്ട് കയറി വന്നത്. പ്രളയത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ ദേവാലയവുമായി ബന്ധപെട്ടു മുസ്‌ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്തുവെന്നും അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യമെന്നും മുഖവുരയില്ലാതെ അച്ചന്‍ പറഞ്ഞു. 'ആദ്യമായാണ് ഒരു മുസ്‌ലിം പള്ളിയില്‍ കയറുന്നത്, അഭിമാനവും സന്തോഷവും ഉണ്ട്' എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. 'മഹാ പ്രളയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. പ്രളയം നമ്മളില്‍ നിന്നും പലതും കവര്‍ന്നു കൊണ്ടുപോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിരുകെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു. 'നമ്മുടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു. ഞാന്‍ മാത്രം മതി എന്ന നമ്മുടെ കാഴ്ചപ്പാടുകളെ ആയിരുന്നു, എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം. ജാതിയോ മതമോ സമ്പത്തോ നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും ഇക്കാലയളവില്‍ നമുക്ക് കഴിഞ്ഞു. എവിടെയോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി എടുക്കുവാന്‍ കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന്‍മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം. കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ടു പോകണം നാം....' അച്ചന്റെ വാക്കുകള്‍ അങ്ങനെ നീണ്ടു പോയി. മാനവിക ഐക്യത്തിന്റെ ഉദാത്ത മാതൃകയിലൂന്നിയ ആ പ്രസംഗം ജുമുഅക്കെത്തിയ പലരുടെയും കണ്ണുകളെ സന്തോഷത്താല്‍ ഈറനണിയിച്ചു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ചനും സന്തോഷം. അവിടെ കൂടിയ ഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും അവരുടെ മനസിലെ വികാരങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ജുമുഅ പ്രസംഗത്തിനിടെ വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അഭിനന്ദനങ്ങളും ആശംസകളും പ്രവഹിക്കുകയാണ്. ഫാ. സനു പുതുശേരിയ്ക്ക് റോമില്‍ നിന്നുവരെ അഭിനന്ദനങ്ങളെത്തി.