Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കൃഷി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണം : കേരളസംസ്ഥാന കര്‍ഷക സംഘം
03/09/2018
പ്രളയത്തെ തുടര്‍ന്ന് വെള്ളം നിറഞ്ഞുകിടക്കുന്ന വെച്ചൂര്‍ പാടശേഖരം.

വൈക്കം: പ്രളയം താറുമാറാക്കിയ അപ്പര്‍ കുട്ടനാട്ടിലെ ജനങ്ങളുടെ ജീവിതം പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തിരമായി നെല്‍കൃഷി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അപ്പര്‍കുട്ടനാന്‍ മേഖലയായ വെച്ചൂര്‍, തലയാഴം, കല്ലറ, നീണ്ടൂര്‍, അയ്മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലെ പതിനയ്യായിരം ഏക്കര്‍ നെല്‍കൃഷിയാണ് പ്രളയത്തെ തുടര്‍ന്ന് നശിച്ചത്. കതിരിട്ടു തുടങ്ങിയതും നടീല്‍ കഴിഞ്ഞ് വളമിട്ടതുമായ കൃഷികളാണ് മുഴുവന്‍ നശിച്ചത്. ഉള്ളതുമുഴുവന്‍ പണയപ്പെടുത്തി പലിശക്കു പണമെടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയത്. ഇവരുടെയെല്ലാം ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാടശേഖരങ്ങളിലെ കൃഷി തകര്‍ന്നതോടൊപ്പം താമസം മാറേണ്ടി വന്ന കുടുബങ്ങള്‍ക്ക് തിരികെ അവരുടെ വീടുകളില്‍ പോകണമെങ്കില്‍ പാടശേഖരങ്ങളില്‍ മോട്ടോര്‍ പമ്പിങ് നടന്നാല്‍ മാത്രമേ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ കൃഷിയിറക്കുന്നതിന് വിത്തും വളവും സൗജന്യമായി നല്‍കി കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം നല്‍കുന്നതിനും പുറംബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചതോടെ കടക്കാരായ പാടശേഖരസമിതി കളെ അടിയന്തിരമായി സഹായിക്കുന്നതിനും റവന്യു, കൃഷി വകുപ്പുകളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് കേരള സംസ്ഥാന കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സി.എസ് രാജു ആവശ്യപ്പെട്ടു.