Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴ മാറിയിട്ടും ദുരിതം വിട്ടുമാറാതെ തലയാഴം ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍.
01/09/2018
പ്രളയക്കെടുതിയെ തുടര്‍ന്ന് വെള്ളം കയറിക്കിടക്കുന്ന തലയാഴം പഞ്ചായത്തിലെ വനം-കല്ലറ റോഡ്.

വൈക്കം: മഴ മാറിയിട്ടും ദുരിതം വിട്ടുമാറാതെ തലയാഴം ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍. ഒഴുകിയെത്തിയ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടക്കുന്നതാണ് ജനങ്ങളെ വലക്കുന്നത്. പഞ്ചായത്തിലെ ചെട്ടിക്കരി, മുണ്ടാര്‍, മുപ്പത്, കൂവം, വനം നോര്‍ത്ത്, സൗത്ത്, ചേന്തുരുത്ത്, കണ്ടംതുരുത്ത്, വാക്കേത്തറ പ്രദേശങ്ങളിലെ ഏകദേശം ആയിരത്തിലധികം വീടുകള്‍ ഇപ്പോഴും വെള്ളപ്പൊക്ക കെടുതിയിലാണ്. പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വിട്ടുപോന്നെങ്കിലും വീടുകളിലേക്ക് കയറിക്കൂടിയിട്ടില്ല. കമ്മ്യൂണിറ്റി സെന്ററുകളിലും അംഗന്‍വാടികളിലും ഉയര്‍ന്ന സ്ഥലങ്ങളില്‍ താല്‍ക്കാലികമായി പടുതകള്‍ വലിച്ചുകെട്ടിയും എല്ലാമാണ് കഴിഞ്ഞുകൂടുന്നത്. ഈ പ്രദേശങ്ങളിലെ വീടുകളില്‍ ഉണ്ടായിരുന്ന സകലതും വെള്ളം കയറി നശിച്ചു.
വെള്ളം ഇറങ്ങാന്‍ വൈകുന്തോറും വീടുകളുടെ അടിത്തറകള്‍ക്കും കേടുപാടുകള്‍ സംഭവിക്കും. പല വീടുകളിലെയും ഭിത്തികള്‍ക്ക് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. വെള്ളം ഇറങ്ങിപ്പോയാല്‍ തന്നെ പിന്നീട് കാത്തിരിക്കുന്നതും ദുരിതങ്ങള്‍ തന്നെയാണ്. കാരണം വൈദ്യുതിയും കുടിവെള്ളവുമെല്ലാം ലഭ്യമാകണമെങ്കില്‍ നാളുകള്‍ ഏറെയെടുക്കും. പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റുകള്‍ പലതും അപകടാവസ്ഥയിലാണ്. വെള്ളം ഇറങ്ങിയാല്‍ മാത്രമേ പോസ്റ്റുകളുടെ അപകടാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകൂ. ഇതിനുശേഷമേ വൈദ്യുതി ചാര്‍ജ്ജ് ചെയ്യാന്‍ സാധ്യതയുള്ളൂ. കുടിവെള്ള പൈപ്പ് ലൈനുകളും വെള്ളത്തില്‍ തകര്‍ന്നുപോയിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയം വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈനുകളാണ്. കാര്‍ഷിക മേഖലയും തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ആയിരത്തിഅഞ്ഞൂറിലധികം ഏക്കറിലെ നെല്‍കൃഷി നശിച്ചു. പാടശേഖരങ്ങളില്‍നിന്ന് വെള്ളം വറ്റിക്കുന്ന മോട്ടോര്‍ പുരകളെല്ലാം വെള്ളത്തിലാണ്. മോട്ടോറുകളെല്ലാം വെള്ളം കയറിനശിച്ചു. കപ്പ, വാഴ, പച്ചക്കറി കൃഷികളും പൂര്‍ണമായും ഒലിച്ചുപോയി. പഞ്ചായത്തിലെ ഗ്രാമീണ റോഡുകളെല്ലാം തകര്‍ന്നുപോയി.
കല്ലുപുര-വാക്കേത്തറ റോഡ്, മൈലാട്ടുതറ-വെണ്‍പറമ്പ് റോഡ്, ചെട്ടിയാപ്പള്ളി-മാടപ്പള്ളി റോഡ്, തറപ്പള്ളി-ഈട്ടത്തറ, ഉല്ലല-പള്ളിയാട്, കൂവം കണ്ടംതുരുത്ത് റോഡുകള്‍ എന്നിവയെല്ലാം പൂര്‍ണമായും തകര്‍ന്നുപോയ റോഡുകളാണ്. ഗ്രാമീണ റോഡുകളുടെ പുനര്‍നിര്‍മാണവും കാര്‍ഷിക മേഖലയുടെ തിരിച്ചുവരവുമെല്ലാം പഞ്ചായത്തിന് വലിയ വെല്ലുവിളികളാണ്. ഇതെല്ലാം തിരികെപിടിക്കാന്‍ ഒത്തൊരുമയോടെ മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റായി ഇന്നലെ ചുതമലയേറ്റ ഉഷാകുമാരി അറിയിച്ചു.