Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ പഞ്ചായത്തിലെ കിണറുകളില്‍ വിദഗ്ധര്‍ പരിശോധന നടത്തി
30/08/2018
വെള്ളൂരിലെ കിണര്‍ജലം പനങ്ങാട് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഓഷ്യന്‍ സ്റ്റഡീസി അസി. പ്രൊഫസര്‍ ഡാ. അനൂപ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി പരിശോധിക്കുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ വെള്ളൂര്‍ പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ കിണറുകളെല്ലാം മുങ്ങിപ്പോയിരുന്നു. കിണറുകളില്‍ മാലിന്യം നിറഞ്ഞെന്ന ധാരണയില്‍ നാട്ടുകാരെല്ലാം വലിയ ആശങ്കയിലായിരുന്നു. കിണര്‍ വെള്ളം ഉപയോഗിക്കുന്നത് കോളറ ഉള്‍പ്പെടെയുള്ള പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്നുള്ള സ്ഥിതിവിശേഷവും സംജാതമായി. ഇതിനിടയില്‍ നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ രംഗത്തുവന്ന വെള്ളൂര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പനങ്ങാട് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഓഷ്യന്‍ സ്റ്റഡീസി ലെ വിദഗ്ധരുടെ സേവനം തേടി. തുടര്‍ന്ന് പ്രൊഫ. ഡോ. അനൂപ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇന്നലെ വെള്ളൂരിലെത്തി വെള്ളം പരിശോധിച്ചു. നാട്ടുകാര്‍ കിണര്‍ വെള്ളം കുപ്പികളിലായി ഇവര്‍ക്ക് മുന്നിലെത്തിച്ചു. പരിശോധനയില്‍ ആശങ്കപ്പെടേണ്ട അവസ്ഥയൊന്നുമില്ലെന്നു തെളിഞ്ഞു. ചെളിയുടെ അംശം മാത്രമാണ് വെള്ളത്തില്‍ കൂടുതലായി കാണുന്നത്. ഇതുപരിഹരിക്കുന്നതിന് പരമ്പരാഗത രീതിയില്‍ ചിരട്ടക്കരി, കഴുകിയ മണല്‍ എന്നിവ തുണിയില്‍ കെട്ടി രണ്ടുദിവസം വീതം നാലുതവണ തുടര്‍ച്ചയായി കിണര്‍ വെള്ളത്തില്‍ മുക്കിയിടണമെന്നും രണ്ടു ദിവസം കഴിയുമ്പോള്‍ ഇവ മാറ്റി വീണ്ടും ഇടണമമെന്നും വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ 15നുശേഷം സോഷ്യല്‍ മീഡിയ വഴി വിശദമായ റിപ്പോര്‍ട്ട് എല്ലാവര്‍ക്കും നല്‍കും.