Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളനാടിനെ സമാശ്വാസിപ്പിക്കാന്‍ സഹായഹസ്തവുമായി വിദ്യൂത് ബ്ലഡ് ഡോണേഴ്‌സ് ആന്റ് വോളണ്ടറി അസോസിയേഷന്‍ ആന്ധ്ര എന്ന സന്നദ്ധ സംഘടന
29/08/2018
ആന്ധ്രാപേദശില്‍ നിന്നെത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളിയോടൊപ്പം

വൈക്കം: വെള്ളപ്പൊക്കവും ചുഴലിക്കൊടുങ്കാറ്റുമുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളുടെ തീവ്രത ഏറെ അനുഭവിച്ചിട്ടുള്ളവരുടെ നാട്ടില്‍ നിന്ന് സമാനദുരിതത്തിലായ കേരളനാടിനെ സമാശ്വാസിപ്പിക്കാന്‍ സഹായഹസ്തം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ മുപ്പത് ഇനങ്ങളിലായി ആറു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളുമായി ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ സംഘം വൈക്കം വല്ലകം ഭാഗത്തെ ദുരിതബാധിതര്‍ക്ക് അവ വിതരണം ചെയ്തു. ആന്ധ്രാപ്രദേശ് ഈസ്റ്റേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ, പശ്ചിമ ഗോദാവരി ജില്ലകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള വിദ്യൂത് ബ്ലഡ് ഡോണേഴ്‌സ് ആന്റ് വോളണ്ടറി അസോസിയേഷന്‍ ആന്ധ്ര എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പത്ത് അംഗ സംഘം എത്തിയിട്ടുള്ളത്. സംഘടനയുടെ സ്ഥാപകരില്‍ ഒരാളും ഖജാന്‍ജിയുമായ സി.എച്ച്.ബി വിശ്വനാഥിന്റെ നേതൃത്വത്തില്‍ കെ.രാമകിരണ്‍, എന്‍.എസ്.എസ് വി.ശര്‍മ്മ, കെ.ശ്രീനിവാസ റാവു, കെ.കാമേഷ്, വൈ.രാജേന്ദ്രപ്രസാദ്, കെ.ദാനകൊണ്ടപാല റാവു, പി.പ്രവീണ്‍, ഇ.ഡേവിഡ്, സി.എന്‍ പൃഥ്വിരാജ് എന്നിവരാണ് സംഘത്തിലുള്ളത്. രക്തദാന ക്യാമ്പുകള്‍, വയോജന മന്ദിരങ്ങള്‍, സാധുജനങ്ങള്‍ക്ക് അന്നദാനവും, വസ്ത്രദാനവും തുടങ്ങിയ സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ 2016-ല്‍ സംഘടന ആരംഭിച്ച കാലം മുതല്‍ ചെയ്തു വരുന്നതായി ഇവര്‍ പറഞ്ഞു. അംഗങ്ങളില്‍ നിന്ന് ഓഹരിയായി ശേഖരിക്കുന്ന തുകയും സാധനസാമഗ്രികളുമൊക്കെയാണ് ഇവരുടെ പ്രവര്‍ത്തന മൂലധനമെന്ന് സംഘത്തലവന്‍ സി.എച്ച്.ബി. വിശ്വനാഥ് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയുമായി സഹകരിച്ചാണ് ഇവര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സഹായ വിതരണം നടത്തിയത്.