Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ പുത്തന്‍കായലില്‍ സംരക്ഷണ ചിറ പൊട്ടി 762 ഏക്കറില്‍ കൃഷി നാശം.
29/08/2018
വെച്ചൂര്‍ പുത്തന്‍ കായലില്‍ പുറം ചിറ പൊട്ടി 762 ഏക്കറിലെ കൃഷിക്ക് നാശം സംഭവിച്ച നിലയില്‍.

വൈക്കം: വെച്ചൂര്‍ പുത്തന്‍കായലില്‍ സംരക്ഷണ ചിറ പൊട്ടി 762 ഏക്കറില്‍ കൃഷി നാശം. 2 മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വെള്ളപ്പൊക്കം പത്ത് ദിവസമായി മാറ്റമില്ലാതെ നിലനില്‍ക്കുന്നു. രണ്ട് ലക്ഷം വാഴകളും 60,000 തെങ്ങുകളുമാണ് നാശത്തിലായതെന്ന് കൈപ്പുഴ - വെച്ചൂര്‍ കായല്‍ കര്‍ഷക സംഘം പ്രസിഡന്റ് ടി.എന്‍. പീതാംബരനും, സെക്രട്ടറി കെ.ബി. പുഷ്‌കരനും പറഞ്ഞു. വേമ്പനാട്ടുകായലിന്റെ ചുറ്റുവലയത്തില്‍ ഉള്ളതാണ് പുത്തന്‍കായല്‍. കരിങ്കല്‍ച്ചിറ കെട്ടിയാണ് കൃഷിയിടം സംരക്ഷിച്ചിരുന്നത്. രണ്ട് ഭാഗത്തെ ചിറ തകര്‍ന്നതോടെ പുറം മേഖലകളില്‍ നിന്നും വെള്ളം തള്ളിക്കയറുകയാണ്. നിലവിലുള്ള ഏഴ് മോട്ടോറുകള്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ട്് അധികജലം പമ്പ് ചെയ്ത് കളയാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വേമ്പനാട്ടുകായലില്‍ വേലിയേറ്റം ശക്തമാകുകയും വന്‍തോതില്‍ അധികജലം തള്ളികയറുകയും ചെയ്തു. വെച്ചൂര്‍ വില്ലേജിലെ 335 കര്‍ഷകരും ആര്‍പ്പൂക്കര വില്ലേജിലെ 140 കര്‍ഷകരുമാണ് ഉള്ളത്. സമുദ്രനിരപ്പില്‍നിന്നും താഴെ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ഹൈ പവര്‍ മോട്ടോര്‍ ഉപയോഗിച്ചാല്‍ മാത്രമേ വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ പറ്റൂ. അതിനുള്ള സാമ്പത്തിക ശേഷി കര്‍ഷകര്‍ക്കില്ല. സര്‍ക്കാര്‍ തലത്തില്‍ മോട്ടോര്‍ അനുവദിച്ച് സഹായിച്ചാല്‍ മാത്രമേ കൃഷിയിടം രക്ഷപെടുത്താനാകൂ. ഇവിടെയുള്ള 16 വീടുകളും വെള്ളപ്പൊക്ക കെടുതിയിലാണ്. കുത്തൊഴുക്കില്‍ ഒരു വീട് തകരുകയും ചെയ്തു. സര്‍ക്കാരില്‍ നിന്നും അടിയന്തിര സഹായം അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.