Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതബാധിതമാര്‍ക്ക് കൈത്താങ്ങായി തമിഴ്മക്കള്‍
28/08/2018
തമിഴ്‌നാട്ടിലെ വൃദ്ധാചലത്തുനിന്നും തലയാഴത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു കൊണ്ടുവന്ന സാധനസാമഗ്രികള്‍ അസി. പോലീസ് കമ്മീഷണര്‍ ഡോ. ദീപാ കാസ്‌ട്രോയില്‍ നിന്നും പഞ്ചായത്ത് അധികാരികള്‍ ഏറ്റുവാങ്ങുന്നു.

വൈക്കം: മഹാപ്രളയത്തില്‍പെട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി തമിഴ് മക്കള്‍ എത്തി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുനിന്നാണ് ദുരിതബാധിതര്‍ക്ക് നല്‍കാനുള്ള വിവിധ വസ്തുക്കളുമായി സംഘമെത്തിയത്. വൃദ്ധാജലത്തെ അസി. പോലീസ് കമ്മീഷണര്‍ മലയാളിയായ ഡോ. ദീപാ കാസ്‌ട്രോയുടെ മുന്‍കയ്യിലാണ് ഇവര്‍ എത്തിയത്. കേരളത്തിലുണ്ടായ ദുരിതത്തെക്കുറിച്ചറിഞ്ഞ തമിഴ്‌നാട് മേഖലാ ഡി.ജി.പിയാണ് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ദീപയോട് ആരാഞ്ഞത്. അദ്ദേഹത്തിന്റെ അനുമതിയോടെ വൃദ്ധാചലം ലയണ്‍സ് ക്ലബ്ബ് യോഗത്തില്‍ തന്റെ നാട്ടുകാരുടെ ദുരവസ്ഥ ദീപാ കാസ്‌ട്രോ വിവരിച്ചിരുന്നു. വളരെ ആവേശപൂര്‍വമാണ് തമിഴ്മക്കള്‍ കേരളത്തിലേക്ക് സഹായമെത്തിക്കാന്‍ മുന്നോട്ടുവന്നത്. ലയണ്‍സ് ക്ലബ്ബ്, റെഡ്‌ക്രോസ്, വ്യാപാരിവ്യവസായി സംഘം, ബസ് ഓണേഴ്‌സ്, റോട്ടറി, ജെയിന്‍ ജുവലേഴ്‌സ്, വിവിധ സ്‌കൂളുകള്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ ശരവേഗത്തിലാണ് 22 ലക്ഷം രൂപയുടെ സാധനങ്ങളുമായി അവര്‍ യാത്ര തിരിച്ചത്. ക്ലീനിങ് കിറ്റുകള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുമായി ഇവര്‍ വൈക്കത്തെത്തി. ദീര്‍ഘദൂര യാത്രാ ചെലവുകള്‍ മുഴുവന്‍ ആദികേശവ പെരുമാള്‍ തുണൈ എന്ന ട്രാവല്‍ ഏജന്‍സിയുടെ ഉടമസ്ഥരും ജീവനക്കാരും തീര്‍ത്തും സൗജന്യമായാണ് നല്‍കിയത്. സി.പി.ഐ നേതാവ് പി.എക്‌സ് ബാബുവിന്റെ മരുമകളാണ് അസി. കമ്മീഷണര്‍ ദീപ. തിരുവനന്തപുരത്ത് തക്ഷശില സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന ഭര്‍ത്താവ് കാസ്‌ട്രോ പുല്ലംകുളത്തിന്റെ പ്രചോദനമാണ് തനിക്ക് ഇതിനു പ്രേരണയായതെന്ന് ഡോ. ദീപ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. മണികണ്ഠരാജ്, അഡ്വ. മണികണ്ഠന്‍, സാരഥി, സ്റ്റാലിന്‍, നടരാജന്‍ തുടങ്ങിയവരും ആവശ്യവസ്തുക്കള്‍ കൈമാറാന്‍ ഇവര്‍ക്കൊപ്പം എത്തിയിരുന്നു. ഏറ്റുവാങ്ങല്‍ ചടങ്ങില്‍ തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സുശീലകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുഷ്‌കരന്‍ സാധനസാമഗ്രികള്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, മുന്‍നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി പുഷ്പരാജന്‍, റെജിമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാര്‍, ജെ.പി ഷാജി, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.