Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയക്കെടുതിയില്‍ നാശോന്മുഖമായ വീടുകള്‍ ശുചിയാക്കാന്‍ ജനകീയ കൂട്ടായ്മകള്‍ രംഗത്ത്
28/08/2018
വെള്ളം കയറിയതിനെ തുടര്‍ന്ന് വിള്ളല്‍വീണ ഉദയനാപുരം കിളിയാട്ടുനട കിഴക്കേമൂലയില്‍ രാജമ്മയുടെ വീടിന്റെ ഭിത്തി.

വൈക്കം: പ്രളയക്കെടുതിയില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകള്‍ക്ക് നേര്‍വഴിയൊരുക്കാന്‍ നാടൊന്നാകെ കൂട്ടായ്മകള്‍ രൂപപ്പെടുന്നു. യുവജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും സാമുദായിക സംഘടനകളുമെല്ലാം ഒരുപോലെയാണ് അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം സാംസ്‌കാരിക സംഘടനകളും സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ രംഗത്തുണ്ട്. നഗരസഭയിലും, വെള്ളൂര്‍, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, വെച്ചൂര്‍, ചെമ്പ്, മറവന്‍തുരുത്ത് പഞ്ചായത്തുകളിലുമെല്ലാം ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയിരുന്നു. തലയോലപ്പറമ്പ്, തലയാഴം, വെച്ചൂര്‍, ഉദയനാപുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഇവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ് ഇപ്പോഴും. ഈ പ്രദേശങ്ങളിലെ വീടുകള്‍ വൃത്തിയാക്കാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ടെങ്കിലും വെള്ളം കയറിക്കിടക്കുന്നത് വെല്ലുവിളിയാകുന്നുണ്ട്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ കൊടിയാട്, കിളിയാട്ടുനട, വാഴമന ഭാഗങ്ങളിലെ നിരവധി വീടുകളുടെ അടിത്തറകള്‍ക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ചില വീടുകളുടെ ഭിത്തികളും പൊട്ടിയിട്ടുണ്ട്. ഇവരെല്ലാം കടുത്ത ആശങ്കയിലാണ്. കിളിയാട്ടുനട കിഴക്കേമൂലയില്‍ രാജമ്മയുടെ വീടിന്റെ അടിത്തറ രണ്ടായി പിളര്‍ന്നിരിക്കുകയാണ്. വെള്ളം കയറി ഈ വീട്ടിലെ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചു. ഓരോ വീടിന്റെയും നാശനഷ്ടങ്ങള്‍ എടുത്താല്‍ ഇനി ഒരുകാലം കഷ്ടപ്പെട്ടാല്‍ മാത്രമേ ഇതൊക്കെ ഇവര്‍ക്ക് തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ. തലയാഴം പഞ്ചായത്തിലെ ചെട്ടിക്കരി, മുപ്പത് പ്രദേശങ്ങളിലെ വീടുകളെല്ലാം തന്നെ ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. വീട്ടിലേക്കു മടങ്ങിപ്പോകാന്‍ ഇവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കടമ്പകളേറെയാണ്.