Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂവാറ്റുപുഴയാറിന്റെ തീരമിടിഞ്ഞതുമൂലം വീടുകള്‍ അപകടഭീഷണിയില്‍
24/08/2018
വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡിനുസമീപം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ പ്രദേശങ്ങള്‍ സി.കെ ആശ എം.എല്‍.എ സന്ദര്‍ശിക്കുന്നു.

വൈക്കം: കനത്തമഴയും വെള്ളപ്പൊക്കവും നാശം വിതച്ച വെള്ളൂരില്‍ മൂവാറ്റുപുഴയാറിന്റെ തീരമിടിഞ്ഞതുമൂലം വീടുകള്‍ അപകടഭീഷണിയില്‍. വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡില്‍ പാരായിപ്പടിക്കുസമീപം അത്തിയാടി വൈപ്പേല്‍ നാരായണന്‍കുട്ടി, ചാലപ്പുറത്തുമന വിഷ്ണു നമ്പൂതിരി എന്നിവരുടെ പുരയിടങ്ങള്‍ പുഴയിലേക്ക് ഇടിഞ്ഞു. വിഷ്ണു നമ്പൂതിരിയുടെ ആകെയുള്ള 26 സെന്റ് പുരയിടത്തില്‍ മോട്ടോര്‍പുര ഉള്‍പ്പെടെ പകുതിയും പുഴയെടുത്തു. ബാക്കി സ്ഥലവും ഏതുസമയത്തും പുഴയെടുക്കാവുന്ന സ്ഥിതിയിലാണ്. നിരവധി തെങ്ങുകളും പുഴയിലേക്കു പതിച്ചിട്ടുണ്ട്. നാരായണന്‍കുട്ടിയുടെ പുരയിടത്തില്‍ കുഴികള്‍ രൂപപ്പെട്ടതുകൂടാതെ വീടിനും കേടുപാടുകള്‍ സംഭവിച്ചതോടെ വാസയോഗ്യമല്ലാത്ത അവസ്ഥയിലായി. ഇതേത്തുടര്‍ന്ന് ഇവര്‍ മറ്റൊരിടത്താണ് താമസിക്കുന്നത്. സമീപത്തെ പുരയിടങ്ങളും ഇടിയല്‍ ഭീഷണി നേരിടുന്നുണ്ട്. പുഴയുടെ തീരമിടിഞ്ഞ് അപകടാവസ്ഥയിലാതോടെ വെള്ളൂര്‍-വെട്ടിക്കാട്ട്മുക്ക് റോഡില്‍ ഭാരവണ്ടികളുടെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. സി.കെ ആശ എം.എല്‍.എ, വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍, വൈസ് പ്രസിഡന്റ് കെ.കെ മോഹനന്‍, പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പ്, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പുഴയുടെ തീരം കരിങ്കല്‍കെട്ടി സംരക്ഷിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തീരമിടിയല്‍ വര്‍ധിച്ചതോടെ തീരപ്രദേശത്തുതാമസിക്കുന്ന ജനങ്ങള്‍ ആശങ്കയിലാണ്. പ്രദേശം കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കുമെന്നും ഇറിഗേഷന്‍വകുപ്പിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു.