Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ മാര്‍ച്ചും ഉപരോധ സമരവും നടത്തി.
08/08/2018
ഇത്തിപ്പുഴ പാലത്തിലെ അപകടാവസ്ഥ ഒഴിവാക്കി ഗതാഗതത്തിന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്് ഉയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഉപരോധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇത്തിപ്പുഴ പാലത്തിലുണ്ടായ വലിയ ഗര്‍ത്തം ആധുനിക സംവിധാനത്തോടെ അടച്ച് ഗതാഗതത്തിന് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത്തിപ്പുഴയില്‍ പ്രതിഷേധ മാര്‍ച്ചും ഉപരോധ സമരവും നടത്തി. വഴി തടഞ്ഞതോടെ തിരക്കേറിയ പാതയില്‍ നിമിഷ നേരം കൊണ്ട് പാലത്തിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങി. പോലീസ് ഇടപെട്ട് സമരക്കാരുടെ സഹകരണത്തോടെ വാഹനങ്ങള്‍ കടത്തിവിട്ട് സ്തംഭനം ഒഴിവാക്കി. പാലവും അപ്രോച്ച് റോഡും യോജിക്കുന്ന ഭാഗത്ത് രണ്ട് ആഴ്ചമുന്‍പ് വലിയ ഗര്‍ത്തം ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് കല്ലും മണ്ണും ഉപയോഗിച്ച് ഗര്‍ത്തം അടച്ച് ബലപ്പെടുത്തിയെങ്കിലും ആ ഭാഗത്ത് വീണ്ടും വിള്ളലുണ്ടായി താഴ്ന്ന അപകടനില പ്രകടമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2013 ലാണ് പാലത്തില്‍ ആദ്യം ഗര്‍ത്തമുണ്ടായത്. അന്ന് കരിങ്കല്‍ പാളികളും മെറ്റില്‍പ്പൊടിയും ഉപയോഗിച്ച് ഗര്‍ത്തം അടച്ചു. ഇപ്പോള്‍ വെള്ളപ്പൊക്കവും കനത്ത മഴയും ഉണ്ടായതോടെ ഈ ഭാഗത്ത് വീണ്ടും വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. 60 വര്‍ഷം മുമ്പാണ് പാലം നിര്‍മ്മിച്ചത്. ആറ്റുമണലുപയോഗിച്ചാണ് അന്ന് അപ്രോച്ച് റോഡ് നിര്‍മ്മിച്ചത്. പാലത്തിനു കീഴെ അനധികൃത മണല്‍ വാരല്‍ നടത്തിയപ്പോള്‍ അപ്രോച്ച് റോഡിന്റെ അടിഭാഗവും ഒലിച്ചു പോയി. പാലത്തില്‍ ഗര്‍ത്തം രൂപപ്പെടാന്‍ ഇതാണ് പ്രധാന കാരണം. അപ്രോച്ച് റോഡ് ബലപ്പെടുത്തിയിരുന്ന കരിങ്കല്‍ ചിറയ്ക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ദ്ധരുടെ പരിശോധനയില്‍ മാത്രമേ പാലത്തിന്റെ അപകട സാധ്യത കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊതുമരാമത്ത് വകുപ്പ്. വൈക്കവും എറണാകുളവും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഗൗരവമായ പഠനം നടത്തി അപ്രോച്ച് റോഡ് അടിയന്തിരമായി ബലപ്പെടുത്തേണ്ട സാഹചര്യമാണ് നില നില്‍ക്കുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. വി.ബിന്‍സ് അദ്ധ്യക്ഷത വഹിച്ചു. മോഹന്‍ ഡി ബാബു, പി.ഡി ജോര്‍ജ്, എ.സനീഷ് കുമാര്‍, ജെയിംസ് കടവന്‍, ആര്‍.അനീഷ്, ബി.അനില്‍ കുമാര്‍, കെ.പി ശിവജി, എന്‍.സി തോമസ്് എന്നിവര്‍ പ്രസംഗിച്ചു.