Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്‍ചിറകള്‍ നീക്കം ചെയ്ത് കായലിന്റെ സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി
04/08/2018

വൈക്കം: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം ഗതാഗതത്തിനു തുറന്നുകൊടുത്ത സാഹചര്യത്തില്‍ മധ്യഭാഗത്തും മൂന്നാംഘട്ടത്തിന്റെ ഇരുവശങ്ങളിലുമുള്ള മണ്‍ചിറകള്‍ നീക്കം ചെയ്ത് കായലിന്റെ സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബണ്ടിന്റെ ആരംഭകാലത്ത് പ്രഖ്യാപിച്ചിരുന്നതുപോലെ നീക്കം ചെയ്യുന്ന മണ്ണ് മത്സ്യതൊഴിലാളി മേഖലയില്‍ വെള്ളക്കൊപ്പ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ നിക്ഷേപിക്കണം. ജലസേചന വകുപ്പില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ മണ്ണ് എങ്ങനെ വിനിയോഗിക്കണമെന്ന് പറഞ്ഞിട്ടില്ല. മണ്ണ് കരാറുകാര്‍ക്ക് കൊടുക്കുന്നതിനുള്ള നീക്കം നടക്കുമ്പോള്‍ വെച്ചൂര്‍, തണ്ണീര്‍മുക്കം പഞ്ചായത്തുകള്‍ അവര്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കുത്സിത ശ്രമങ്ങളിലൂടെ തണ്ണീര്‍മുക്കത്തെ വന്‍മണല്‍ നിക്ഷേപം കടത്തിക്കൊണ്ടു പോകാനുള്ള നീക്കവും നടക്കുന്നുണ്ട്. തണ്ണീര്‍മുക്കം ബണ്ട് മൂലം ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവന്നത് മത്സ്യത്തൊഴിലാളികള്‍ക്കാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിന് ഗുണകരമായ രീതിയില്‍വേണം നീക്കം ചെയ്യുന്ന മണ്ണ് വിനിയോഗിക്കുവാന്‍. ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ധീവരസഭ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണം. മൂന്നാം ഘട്ടത്തിന്റെ ഇരുവശങ്ങളിലും ബണ്ടിന്റെ സുരക്ഷക്ക് ആവശ്യമായ ഭാഗം തിട്ടപ്പെടുത്തിയതിനുശേഷം ബാക്കി ചിറകള്‍ നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.വി മനോഹരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ രാജു, എ.ദാമോദരന്‍, ശിവദാസ് നാരായണന്‍, ഭൈമി വിജയന്‍, പി.എന്‍ രഘു, മഹിളാ നാരായണന്‍, ആര്‍.സുരേഷ്, ഷീബാ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.