Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യമില്ലാത്ത നഗരത്തിനായി റെസിഡന്റ് അസോസിയേഷനുകളും രംഗത്തിറങ്ങും.
04/08/2018

വൈക്കം: 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശമുയര്‍ത്തി വൈക്കം നഗരസഭ നടപ്പിലാക്കുന്ന മാലിന്യമില്ലാത്ത നഗരത്തിനായി റെസിഡന്റ് അസോസിയേഷനുകളും രംഗത്തിറങ്ങും. മാലിന്യം ഇല്ലാത്ത നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2ന് നഗരത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ജനകീയ പങ്കാളിത്തത്തോടെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ നഗരസഭ ഏറ്റെടുത്ത് എം.ആര്‍.എഫ് യൂണിറ്റില്‍ എത്തിച്ച് സംസ്‌കരിക്കും. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. റസിഡന്റ് അസോസിയേഷനുകളുടെ സഹായത്തോടെ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കും. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കൂടുകള്‍ നഗരത്തില്‍ വില്‍ക്കുന്നത് നിരോധിക്കും. ഇതിന് പകരമായി മുഴുവന്‍ വീടുകളിലും സൗജന്യമായി തുണിസഞ്ചികള്‍ വിതരണം ചെയ്യും. ആറു മാസത്തിനകം മാലിന്യമില്ലാത്ത ക്ഷേത്രനഗരമായി പ്രഖ്യാപിക്കുന്നതിന്റെ പ്രചരണാര്‍ത്ഥം ബോര്‍ഡുകളും ബാനറുകളും ലഘുരേഖകളും പ്രസിദ്ധീകരിക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്താന്‍ യോഗം തീരുമാനിച്ചു. വൈക്കം സത്യാഗ്രഹ സ്മാരകത്തില്‍ ചേര്‍ന്ന റെസിഡന്റ് അസോസിയേഷനുകളുടെ ഭാരവാഹികളുടെ യോഗം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് അദ്ധ്യക്ഷനായിരുന്നു. നഗരസഭാ സെക്രട്ടറി രമ്യാകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എസ്.ഹരിദാസന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, സെല്‍ബി ശിവദാസ്, കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, എസ്.ഇന്ദിരാദേവി, ശ്രീകുമാരി യൂ നായര്‍, റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളായ എന്‍.ശിവരാമകൃഷ്ണന്‍ നായര്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, പി.സോമന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ നോബില്‍ വര്‍ഗ്ഗീസ് ക്ലാസ് എടുത്തു.