Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ റെയില്‍വേ ഫുട്പാത്ത് അടച്ചത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു
03/08/2018
അറ്റകുറ്റപണിക്കായി അടച്ചിട്ടിരിക്കുന്ന വെള്ളൂര്‍ റെയില്‍വേ നടപ്പാത.

വൈക്കം: ജനങ്ങളുടെ യാത്രാമാര്‍ഗമായ റെയില്‍വേ ഫുട്പാത്ത് അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ റെയില്‍വേ അധികാരികള്‍ അടച്ചിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും ഒരു പണികളും നടക്കുന്നില്ല. കാലങ്ങളായി ജനങ്ങളെ വെല്ലുവിളിക്കുന്ന റെയില്‍വേയുടെ തലതിരിഞ്ഞ പണികള്‍ ഇപ്പോഴും തുടരുകയാണ്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തി റെയില്‍വേ അഴിഞ്ഞാടുമ്പോള്‍ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ജനകീയ സംവിധാനങ്ങള്‍ കാഴ്ചക്കാരാകുന്നു. കെ.കരുണാകരന്‍ കേന്ദ്ര വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വെള്ളൂരില്‍ റെയില്‍വേ ഫുട്പാത്ത് യാഥാര്‍ത്ഥ്യമാകുന്നത്. ഫുട്പാത്ത് വന്നതിനുപിന്നില്‍ ഒരു ദുരന്തത്തിന്റെ സ്മരണയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ പാളത്തിലിരുന്ന് വള്ളംകളി വീക്ഷിച്ചിരുന്നവരെ വേണാട് എക്‌സ്പ്രസ് ഇടിച്ചുതെറിപ്പിച്ചു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അതിലേറെ പേര്‍ക്ക് അംഗവൈകല്യം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്തിരുന്നു. അന്നുതുടങ്ങിയ മുറവിളിയാണ് ഫുട്പാത്തിനുവേണ്ടി. ഇതിനുശേഷം വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഫുട്പാത്ത് യാഥാര്‍ത്ഥ്യമാകുന്നത്. ഫുട്പാത്ത് അടച്ചതോടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ പാലത്തിനു മുകളിലൂടെ മൂവാറ്റുപുഴയാറിനു കുറുകെയുള്ള റെയില്‍വേ ഓവര്‍ബ്രിഡ്ജിലൂടെ വളരെ സാഹസികമായാണ് യാത്ര ചെയ്യുന്നത്. കാറ്റും മഴയും വന്നാല്‍ കാര്യങ്ങള്‍ പിടിവിടും. വടകര, വരിക്കാംകുന്ന്, സ്രാംകുഴി, തോന്നല്ലൂര്‍, കൈപ്പട്ടൂര്‍, പുലിമുഖം ഭാഗങ്ങളിലുള്ളവര്‍ ഫുട്പാത്ത് അടച്ചതോടെ രണ്ടു കിലോമീറ്റര്‍ അധികം സഞ്ചരിച്ചുവേണം വെള്ളൂരിലെത്താന്‍. അറ്റകുറ്റ പണികള്‍ക്കുവേണ്ടിയാണ് ഫുട്പാത്ത് അടച്ചതെന്നാണ് റെയില്‍വേയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഒരു പണികളും ഇതുവരെയായി നടക്കുന്നില്ല. റെയില്‍വേയും പഞ്ചായത്തും തമ്മില്‍ ഈ വിഷയത്തില്‍ ഭിന്നതകളുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് വെള്ളൂരിന് നിറച്ചാര്‍ത്തായിരുന്ന ടൗണിനെ പോലും ഇല്ലാതാക്കി. ടൗണില്‍ കച്ചവട സ്ഥാപനങ്ങളും ചന്തയുമെല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം ഇപ്പോള്‍ ഓര്‍മ മാത്രമാണ്. അതുപോലെ വികസനത്തിന്റെ പേരില്‍ വെള്ളൂരില്‍ പണികഴിപ്പിച്ച അടിപ്പാതക്കും പോരായ്മകള്‍ ഏറെയുണ്ട്. ജനങ്ങളെ മാസങ്ങളോളം ദുരിതക്കയത്തിലാക്കിയാണ് അടിപ്പാത പൂര്‍ത്തിയാക്കിയത്. എന്നാല്‍ അടിപ്പാത പൂര്‍ണതയിലെത്തിക്കാന്‍ റെയില്‍വേക്ക് സാധിച്ചിട്ടില്ല. ഏക്കര്‍കണക്കിന് സ്ഥലമാണ് റെയില്‍വേയുടെ പേരില്‍ കാടുപിടിച്ചു കിടക്കുന്നത്. ഇവിടെ സാമൂഹ്യവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയുമെല്ലാം ശല്യമുണ്ട്. ഒ.രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് ന്യൂസ്പ്രിന്റ് ഫാക്ടറിയെയും പഞ്ചായത്തിനെയുമെല്ലാം കോര്‍ത്തിണക്കി ഇവിടെ വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ പച്ചക്കൊടി വീശിയിരുന്നു. എന്നാല്‍ ഇതിനുശേഷം ഒരു നടപടിയും ഉണ്ടായില്ല. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തി പിറവം റോഡ് റെയില്‍വേ സ്റ്റേഷനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥവൃന്ദമാണ് നാടിന് ശാപമാകുന്നത്. ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ എം.പിയും എം.എല്‍.എയും മുന്നിട്ടിറങ്ങണം. സ്വകാര്യവല്‍ക്കരണ ഭീഷണി നേരിടുന്ന എച്ച്.എന്‍.എല്‍ കൂടി നഷ്ടമായാല്‍ വെള്ളൂരിന്റെ പെരുമ തന്നെ ഇല്ലാതാകും. ഇവിടെയാണ് റെയില്‍വേയും ഉരുണ്ടുകളിക്കുന്നത്. വരുംദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ റെയില്‍വേക്കെതിരെ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.