Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെറുകിട നെല്ലുകുത്ത് മില്ലുകള്‍ ഓര്‍മയാകുന്നു
02/08/2018
വൈക്കം തോട്ടുവക്കം പാലത്തിനുസമീപം പ്രവര്‍ത്തിക്കുന്ന നെല്ലുകുത്ത് മില്ല്.

വൈക്കം: ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍ സജീവമായിരുന്ന ചെറുകിട നെല്ലുകുത്ത് മില്ലുകള്‍ ഇന്ന് ഓര്‍മയിലേക്ക്. നെല്ലുകുത്ത് മില്ലുകളുടെ അവസ്ഥ തന്നെയാണ് പൊടിപ്പിക്കുന്ന മില്ലുകള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പണ്ടുകാലങ്ങളില്‍ വീട്ടുകാര്‍ റേഷന്‍ കടയില്‍നിന്നും പച്ചരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി കഴുകി വെയിലില്‍ ഉണക്കി പൊടിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെയെല്ലാം രൂചി വേറൊന്നായിരുന്നെന്ന് ഇപ്പോഴും വീട്ടമ്മമാര്‍ സമ്മതിക്കുന്നു. പിന്നെന്തിന് നിങ്ങള്‍ കമ്പനി സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നുവെന്ന് ചോദിച്ചാല്‍ അവര്‍ക്ക് മറുപടിയില്ല. അപ്പം, പുട്ട്, ഇടിയപ്പം, മുളക്, മല്ലി പൊടികള്‍ എന്നിവയെല്ലാം എല്ലാവരും തന്നെ പായ്ക്കറ്റില്‍ വരുന്നതു വാങ്ങിച്ചാണ് ഉപയോഗിക്കുന്നത്. ഇതാണ് പൊടിമില്ലുകള്‍ക്ക് മരണമണി മുഴക്കാന്‍ കാരണം. നെല്ലുകുത്ത് മില്ലുകളെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ഭീമമായ വൈദ്യുതി ചാര്‍ജ്ജുമാണ് പ്രതിസന്ധിയിലാക്കിയത്. ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഗ്രാമങ്ങളിലെ മിക്ക സ്ഥലങ്ങളിലും ചെറുകിട നെല്ലുകുത്ത് മില്ലുകള്‍ സജീവമായിരുന്നു. ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവരില്‍ ഏറിയപങ്കും നെല്ല് വീട്ടില്‍ പുഴുങ്ങി മില്ലുകളില്‍ കുത്തി അരിയാക്കിയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് നെല്ല് പുഴുങ്ങുന്ന വീടുകള്‍ കാണാക്കാഴ്ചയായി മാറി. നാട്ടിന്‍പുറങ്ങളിലെ നെല്ലുകുത്ത് മില്ലുകളില്‍ അരി വാങ്ങാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ എത്തുമായിരുന്നു. കല്ലറ, തലയാഴം, ഇടയാഴം, വെച്ചൂര്‍, കൊതവറ, വടയാര്‍, വല്ലകം, ഉദയനാപുരം, ചെമ്മനത്തുകര, മൂത്തേടത്തുകാവ്, ടി.വി.പുരം, വാഴമന, തോട്ടകം, ചെട്ടിമംഗലം, ചെട്ടിക്കരി, മാറ്റപ്പറമ്പ്, ഉല്ലല ഭാഗങ്ങളില്‍ പ്രതാപകാലത്ത് നൂറിലധികം നെല്ലുകുത്ത് മില്ലുകള്‍ ഉണ്ടായിരുന്നു. ഈ കാലയളവില്‍ ഒരു മില്ലില്‍ ദിവസേന ഇരുപതിലധികം ആളുകള്‍ക്ക് പണി ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഈ മില്ലുകള്‍ മിക്കതും മണ്‍മറഞ്ഞു. കിട്ടുന്ന വിലയ്ക്ക് പലരും മെഷിനുകള്‍ വിറ്റു. കാര്‍ഷിക മേഖല കടുത്ത തകര്‍ച്ചയിലെത്തുകയും, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നെല്‍വയലുകള്‍ നികത്തുവാനും തുടങ്ങിയതോടെ നെല്‍കൃഷി കുറഞ്ഞു. ഇതിനിടെ വന്‍കിട സ്വകാര്യ കമ്പനികള്‍ ആധുനിക മില്ലുകള്‍ സ്ഥാപിച്ച് സ്വന്തം ബ്രാന്‍ഡുകളില്‍ മെച്ചപ്പെട്ട അരി വിപണികളിലെത്തിക്കാന്‍ തുടങ്ങിയതും ചെറുകിടക്കാര്‍ക്കും തിരിച്ചടിയായി. കൊയ്ത്തടുക്കുമ്പോള്‍ നെല്‍പ്പാടങ്ങളില്‍ വന്‍കിട മില്ലുകളുടെ ഏജന്റുമാര്‍ കര്‍ഷകര്‍ക്ക് അഡ്വാന്‍സ് നല്‍കി കച്ചവടം ഉറപ്പിക്കുന്നു. ഇതോടെ ഈ മേഖലയെ ആശ്രയിച്ചിരുന്ന ചെറുകിട അരിക്കമ്പനികള്‍ പലതും പൂട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിവില്‍ സപ്ലൈസ് അധികൃതര്‍ ചെറുകിട മില്ലുടമകളെ അരി ശേഖരിക്കുന്നതിന് ആശ്രയിച്ചിരുന്നു. കൂടാതെ ഒരു കുത്തുമില്ലില്‍ നെല്ല് അരിയാക്കുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടങ്ങള്‍ എല്ലാം ഉപയോഗപ്രദമായിരുന്നു. നെല്ല് അരിയാകുമ്പോള്‍ ലഭിക്കുന്ന തവിട്, ഉമി, പൊടിയരി എല്ലാത്തിനും ആവശ്യക്കാര്‍ ഏറെയായിരുന്നു. ഉമി മണ്‍ചട്ടിയില്‍ വറുത്ത് കരിയാകുമ്പോള്‍ ഉണ്ടാകുന്ന ഉമിക്കരി ദന്തസംരക്ഷണത്തിന് ഉപയോഗിച്ചിരുന്നു. ഉമി ലഭിക്കാതായതോടെ ഉമിക്കരിയും ഇല്ലാതായി. കാലംമാറിയപ്പോള്‍ ഇന്ന് തുറക്കാതെ കിടക്കുന്ന ചെറുകിട മില്ലുകളാണ് ഗ്രാമങ്ങളില്‍ കാണുന്നത്. എന്നാല്‍ ചുരുക്കം ചില മില്ലുകള്‍ പ്രതിസന്ധികളെ അതിജീവിച്ച് ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്.