Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധന കുടുംബത്തെ ഭീതിയിലാഴ്ത്തി വീടിന്റെ മുറ്റം മൂവാറ്റുപുഴയാറ്റിലേക്ക് ഇടിയുന്നു
26/07/2018
മറവന്‍തുരുത്ത് പഞ്ചായത്തിലെ പാറയ്ക്കല്‍ കടവിനുസമീപം തീരമിടിഞ്ഞ് അപകടാവസ്ഥയിലായ താഴത്തുവീട്ടില്‍ ബൈജുവിന്റെ വീട്.

തലയോലപ്പറമ്പ്: വീടിന്റെ മുറ്റം മൂവാറ്റുപുഴയാറ്റിലേക്ക് ഇടിയുന്നത് നിര്‍ധന കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു. മറവന്‍തുരുത്ത് പഞ്ചായത്തിലെ പാറയ്ക്കല്‍ കടവിന് സമീപം താഴത്തുവീട്ടില്‍ ബൈജുവിന്റെ വീടാണ് ഏതുനിമിഷവും പുഴയിലേക്ക് വീഴാവുന്ന സ്ഥിതിയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിലും വെള്ളപ്പാക്കത്തിലും വീട്ടില്‍ താമസിക്കാന്‍ കഴിയാത്തതിനാല്‍ ബന്ധുവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ തങ്ങളുടെ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യമായ ആ വീട് ഉണ്ടാകുമോ എന്നുപോലും ഉറപ്പില്ലാതെയായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയത്. എത് നിമിഷവും പുഴയിലേക്ക് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഇവിടെ വലിയ കുഴികള്‍ രൂപപ്പെട്ടു വരുന്നതില്‍ ആശങ്കാകുലരാണ് പ്രദേശവാസികള്‍. ഇവിടത്തെ ജനങ്ങളുടെ ജീവനു പോലും ഭീഷണിയാണ് പ്രദേശത്തെ മണ്ണിടിച്ചിലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ നാലുവര്‍ഷമായി മണ്ണിടിച്ചില്‍ നിര്‍ബാധം തുടരുകയാണ്. 2015ല്‍ ഉണ്ടായ ശക്തമായ മഴയില്‍ പുഴയുടെ തീരമിടിഞ്ഞ് കുറേയധികം ഭാഗം പുഴയിലേക്ക് ചേര്‍ന്നിരുന്നു. പുഴയും വീടുമായുള്ള ദൂരം രണ്ടര മീറ്ററാണ്. ഈ സാഹചര്യത്തില്‍ തീരം കരിങ്കല്‍ചിറ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാലു വര്‍ഷംമുന്‍പ് ഇറിഗേഷന്‍ വകുപ്പിന് നിവേദനം നല്‍കുകയും പ്രദേശത്തിന്റെ അപകടാവസ്ഥ അന്നത്തെ എം.എല്‍.എ കെ.അജിത്തിനെയും വകുപ്പ് ഉദ്യോഗസ്ഥരെയും നേരിട്ടു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സി. എഞ്ചിനീയര്‍ 2016ല്‍ 22.50 ലക്ഷം രൂപ തീരസംരക്ഷണത്തിന് അനുവദിച്ചതായി വീട്ടുടമയായ ബൈജുവിനെ അറിയിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഉദ്യോഗസ്ഥരടക്കം എത്തി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് യാതൊരുവിധത്തിലുള്ള നടപടികളും നാളിതുവരെയായി ഉണ്ടായിട്ടില്ല. ഇനിയൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനുള്ള ശേഷി ഈ പ്രദേശത്തിനില്ല. ഈ സാഹചര്യത്തില്‍ ശക്തമായ ഒഴുക്കനുഭവപ്പെടുന്ന പാറയ്ക്കല്‍ കടത്തുകടവ് മുതല്‍ ചുങ്കം വരെയുള്ള ഭാഗത്ത് പുഴയുടെ തീരം സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.