Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വര്‍ഗത്തിലെ പഴം വൈക്കത്തിന്റെ മണ്ണിലും വിളയിച്ച് ആന്റണി
26/07/2018
വി.ജെ ആന്റണി ഗാക് പഴത്തോട്ടത്തില്‍

വൈക്കം: വിദേശരാജ്യങ്ങളില്‍ ഫ്രൂട്ട് ഓഫ് ഹെവന്‍ (സ്വര്‍ഗത്തിലെ പഴം) എന്നറിയപ്പെടുന്ന ഗാക് വൈക്കത്തിന്റെ മണ്ണിലും വിളഞ്ഞു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ വല്ലയില്‍ വി.ജെ ആന്റണിയുടെ കൃഷിതോട്ടത്തിലാണ് ഗാക് പഴം വിളഞ്ഞത്. നമ്മുടെ നാട്ടില്‍ അത്യപൂര്‍വമായ ഈ പഴം ഇന്തോനേഷ്യ, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലെ ആദിവാസിഗോത്രങ്ങളുടെ ആരോഗ്യരഹസ്യമായി അറിയപ്പെടുന്നു. പാവല്‍ വര്‍ഗത്തില്‍പ്പെട്ട (മധുരപാവല്‍) ഇതിന്റെ ചെടി പാഷന്‍ ഫ്രൂട്ട് പോലെ പന്തലിച്ചാണ് വളരുന്നത്. 35 മുതല്‍ 50 വര്‍ഷം വരെ ഒരു ചെടിക്ക് ആയുസ് ഉണ്ട്. ഏറ്റവും കൂടുതല്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുള്ള പഴങ്ങളിലൊന്നാണ് ഗാക്. കാരറ്റിനെക്കാള്‍ 10 ഇരട്ടിയിലേറെ ബീറ്റാകരോട്ടിന്‍ ഉള്ള ഈ പഴത്തില്‍ ഓറഞ്ചിനെക്കാള്‍ 60 ഇരട്ടി വൈറ്റമിന്‍-സിയും തക്കാളിയെക്കാള്‍ 70 ഇരട്ടി ലൈസോപിന്നും അടങ്ങിയിരിക്കുന്നു. നാരുകളുള്ള ഒരു പഴമാണിത്. കാര്‍ബോഹൈഡ്രേറ്റും ആന്റി ഓക്‌സിഡന്റുകളും ധാതുക്കളുമൊക്കെ ഈ പഴത്തെ സംപുഷ്ടമാക്കുന്നു. ത്വക്കിന്റെ ചുളിവ്, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍, കാഴ്ചക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവയ്‌ക്കൊക്കെ ഔഷധമായും ഗാക് പഴങ്ങള്‍ പ്രയോജനപ്പെടുന്നു. വെള്ളം കെട്ടിനില്‍ക്കാത്തിടത്ത് പന്തലിട്ട് വളര്‍ത്താവുന്ന ഇതിന് സാധാരണയില്‍ കവിഞ്ഞ അധിക പരിചരണത്തിന്റെ ആവശ്യമില്ലെന്ന് ആന്റണി പറയുന്നു. ആറുമാസം കൊണ്ട് പഴം ഉണ്ടാവുകയും ചെയ്തു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ആന്റണി. ജോലിയുടെ ഇടവേളകളില്‍ കൃഷിയോട് താല്‍പര്യം കാണിച്ചിരുന്ന ഇദ്ദേഹത്തെ രണ്ടു മൂന്നു വര്‍ ഷം മുമ്പ് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ വൈക്കം ഫൊറോനാ പള്ളിയില്‍ സംഘടിപ്പിച്ച സഹൃദയ ഗ്രാമോത്സവമാണ് കൃഷിയിലേക്ക് കാര്യമായി ശ്രദ്ധിക്കാന്‍ പ്രചോദിപ്പിച്ചത്. ആകെയുള്ള 43 സെന്റ് പുരയിടത്തിലും വീടിന്റെ ടെറസിലും ഒക്കെയായി വിവിധയിനം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇദ്ദേഹം വളര്‍ത്തുന്നു. ഇരുനൂറ്റമ്പതിലേറെ ഗ്രോ ബാഗുകള്‍ തന്നെയുണ്ട്. അപൂര്‍വമായ ദുരിയാന്‍, ഫിലോസാന്‍, ജബൂട്ടിക്കാവ, എലുന്തപ്പഴം, പീനട്ട് ബട്ടര്‍, വുഡ് ആപ്പിള്‍, വെല്‍വെറ്റ് ആപ്പിള്‍, ബ്ലാക്ക് ബെറി, ബ്ലൂ പ്ലം, സലാക്ക് തുടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടെ അമ്പതോളം പഴവര്‍ഗ്ഗങ്ങള്‍ തന്നെ ഇവിടെ കാണാം. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വീട്ടിലെ ആവശ്യത്തിനായി പുറമേനിന്ന് സവാള മാത്രമേ വാങ്ങിക്കേണ്ടിവരുന്നുള്ളൂവെന്ന് ആന്റണി പറയുന്നു. അതിഥികളായെത്തുന്നവര്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ ഇവിടെയുണ്ടാകുന്ന പച്ചക്കറികളും പഴങ്ങളുമൊക്കെ സമ്മാനിക്കുമ്പോള്‍ അവരും സ്വന്തമായി ഒരു ചെറിയ കൃഷി തോട്ടമെങ്കിലും ഉണ്ടാക്കണമെന്ന സന്ദേശം കൂടി സ്‌നേഹപൂര്‍വ്വം നല്‍കാറുണ്ടെന്നും അദ്ദേഹം പറ ഞ്ഞു. ജോലിയുടെ ഭാഗമായി ഹരിതകേരളം പോലുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ വ്യക്തിപരമായ ഈ അനുഭവങ്ങള്‍ അദ്ദേഹത്തിനു പ്രയോജനകരമാകുന്നുമുണ്ട്. വൈക്കം ഫൊറോനാപള്ളി സംഘടിപ്പിച്ച വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതിയില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ആന്റണിയെ ഇക്കഴിഞ്ഞ ഗ്രാമോത്സവവേദിയില്‍ ആദരിച്ചിരുന്നു. എം.എല്‍.ടി ട്യൂട്ടറായ ഭാര്യ മേരിയും വിദ്യാര്‍ത്ഥി കളായ രണ്ടു മക്കളും സഹോദരിയുമൊക്കെ കൃഷി പ്രവര്‍ത്തനങ്ങളില്‍ തനിക്കു സഹായമേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.