Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വനിതാ ഫുട്‌ബോളില്‍ മികവു തെളിയിച്ച് വാര്യര്‍ സഹോദരിമാര്‍
25/07/2018
വനിതാ ഫുട്‌ബോളില്‍ ലഭിച്ച പുരസ്‌കാരങ്ങള്‍ക്കരികെ ശ്രീദേവിയും ശ്രീവിദ്യയും.

വൈക്കം: കായികരംഗത്ത് വേറിട്ട ചരിത്രം രചിച്ച നാമക്കുഴി സിസ്റ്റേഴ്‌സിന്റെ നാട്ടില്‍ നിന്നും വനിതാ ഫുട്‌ബോളില്‍ മികവു തെളിയിച്ച് നാടിന് അഭിമാനമാവുകയാണ് വാര്യര്‍ സഹോദരിമാര്‍. മേവെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്നും കായികരംഗത്തേക്കു ചുവടുവെച്ച സഹോദരിമാരായ ശ്രീവിദ്യയും ശ്രീദേവിയുമാണ് നാടിന് അഭിമാനമായി മാറുന്നത്. വനിതാ ഫുട്‌ബോളില്‍ സംസ്ഥാന ദേശീയ തലങ്ങളില്‍ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ച വെച്ചിട്ടുള്ളത്. ഇവരില്‍ മൂത്തയാള്‍ ശ്രീദേവി ഹോക്കിയും ഫുട്‌ബോളിലും ഒരുപോലെ മികവ് പ്രകടിപ്പിച്ചിരുന്നു. ഫുട്‌ബോളില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. ഹോക്കിയില്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് നിരവധി ഗോളുകളും നേടി. തിരുവനന്തപുരം സായിയിലാണ് ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയത്. ശ്രീവിദ്യയും ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ സജീവസാന്നിധ്യമാണ്. ഒറീസ, ഗോവ, സേലം എന്നിവിടങ്ങളില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തെ പ്രതിനിധീകരിച്ചു. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി ഗോളുകള്‍ നേടി മികവ് തെളിയിക്കുകയും ചെയ്ത ശ്രീവിദ്യ കാരിക്കോട് ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. ഇപ്പോള്‍ കോട്ടയം ബസേലിയസ് കോളേജില്‍ മൂന്നാം വര്‍ഷ രാഷ്ട്രമീമാംസ ബിരുദവിദ്യാര്‍ത്ഥിനിയാണ്. ശ്രീദേവി ഇവിടെ നിന്നും ബിരുദവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ക്ഷേത്രത്തില്‍ കഴകറായി ജോലി നോക്കുന്ന മേവെള്ളൂര്‍ കൊട്ടാരത്തില്‍ വാര്യത്ത് മുരളീധര വാര്യരുടെയും ബാലാമണിയുടെയും മക്കളാണ് ഈ സഹോദരിമാര്‍. സാധാരണ പെണ്‍കുട്ടികള്‍ കായികരംഗത്തേക്കു കടന്നുവരാത്ത വാര്യര്‍ സമുദായത്തില്‍ നിന്നും ഫുട്‌ബോളിന്റെ ആവേശത്തിലേക്കു കടന്നുവന്ന സഹോദരിമാര്‍ക്ക് നാട് മികച്ച പ്രോത്സാഹനമാണ് നല്‍കിയത്. നാമക്കുഴി സഹോദരിമാരുടെ സഹോദരനായ ജോമോന്‍ ജേക്കബിന്റെ കീഴിലായിരുന്നു ഇവരുടെ പരിശീലനം. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു ലഭിച്ച ട്രോഫികളും മെഡലുകളും വാര്യര്‍ സഹോദരിമാരുടെ മികവിന് സാക്ഷ്യം വഹിക്കുന്നു. കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ആശ്രമം സ്‌കൂളിലും നിരവധി കുട്ടികളെയാണ് ശ്രീവിദ്യയും ശ്രീദേവിയും പരിശീലിപ്പിക്കുന്നത്. ഇവരുടെ ശിക്ഷണത്തില്‍ കുലശേഖരമംഗലം സ്‌കൂളില്‍ നിന്നും 25 കുട്ടികള്‍ സംസ്ഥാനതലത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. വനിതാ ഫുട്‌ബോളിന് മികച്ച സാധ്യതകളുള്ള അമേരിക്കയില്‍ പരിശീലനം നേടുക എന്നതാണ് ഇവരുടെ ആഗ്രഹം. ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ടയില്‍ ജോലിക്കായി ശ്രമിക്കുകയാണ് മേവെള്ളൂരിന്റെ അഭിമാനമായ വാര്യര്‍ സഹോദരിമാര്‍.