Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളം ഇറങ്ങിത്തുടങ്ങി. ആശ്വാസത്തില്‍ ജനങ്ങള്‍
23/07/2018
ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പൂഴിക്കര എല്‍.പി സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സി.കെ ആശ എം.എല്‍.എ സന്ദര്‍ശിക്കുന്നു.

വൈക്കം: മഴയുടെ ശക്തി കുറഞ്ഞതും കിഴക്കന്‍ വെള്ളത്തിന്റെ വരവുനിലച്ചതും വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസമായി. പുഴകളിലെയും തോടുകളിലെയും ജലനിരപ്പ് താഴ്ന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി വീടുകളിലും പുരയിടങ്ങളിലും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഇനി മഴ ശക്തമായില്ലെങ്കില്‍ രണ്ടുദിവസം കൊണ്ട് വെള്ളം പൂര്‍ണമായി ഇറങ്ങിയേക്കും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പലരും ഇപ്പോഴും അവിടെത്തന്നെയാണ് കഴിയുന്നത്. വെള്ളം കയറിയ മിക്ക വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചും വാസയോഗ്യമല്ലാത്തതുമായ അവസ്ഥയിലാണ്. കനത്ത മഴയില്‍ മലിനജലമൊഴുകി കിണറുകളിലെയും മറ്റു ജലസ്രോതസ്സുകളിലെയും വെള്ളം ഉപയോഗശൂന്യമായി. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും പുഴയിലും തോടുകളിലൂടെയും വെള്ളം കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കിണറുകളിലും കുളങ്ങളിലും നിറഞ്ഞിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കാനാവാത്ത സാഹചര്യമാണ്. കിഴക്കുനിന്നുള്ള വെള്ളത്തില്‍ ഒഴുകിവന്ന ഇഴജന്തുക്കളുടെ ശല്യവും താഴ്ന്ന പ്രദേശങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കന്നുണ്ട്. വൈക്കം നഗരസഭ, വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്‍തുരുത്ത്, ചെമ്പ്, തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകളിലെല്ലാം വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിച്ചിരുന്നു. വെള്ളം കയറി സ്ഥലങ്ങളിലെ ജനങ്ങള്‍ വരുംദിവസങ്ങളില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി പകര്‍ച്ചവ്യാധിയുടേതാകും. ഗ്രാമീണ റോഡുകള്‍ പലതും വെള്ളം കയറി നശിച്ചതിനാല്‍ യാത്രാദുരിതവും വര്‍ധിക്കും. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമേകി ഭക്ഷ്യകിറ്റുകളും മറ്റ് സഹായഹസ്തങ്ങളുമായി സന്നദ്ധ സംഘടനകള്‍ രംഗത്തുണ്ട്. സി.കെ ആശ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കലാ മങ്ങാട്ട്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, താലൂക്ക്-വില്ലേജ് അധികാരികള്‍ എന്നിവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രംഗത്തുണ്ട്.