Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ദാനം നടത്തി
23/07/2018
മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച തോന്നല്ലൂര്‍ കോട്ടപ്പുറത്തു കൃഷ്ണന്റെ പുതിയ വീടിന്റെ താക്കോല്‍ദാനം പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മി നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പണികഴിപ്പിച്ച തോന്നല്ലൂര്‍ കോട്ടപ്പുറത്തു കൃഷ്ണന്റെ പുതിയ വീടിന്റെ താക്കോല്‍ സ്വീകരിക്കുമ്പോഴും, ഷീലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. സന്തോഷത്തിന്റെ ഈറനണിഞ്ഞ മിഴികളുമായി നിന്ന ഷീലയെ സന്തോഷനിമിഷത്തില്‍ പങ്കാളിയാകാന്‍ വന്നു ചേര്‍ന്ന നാട്ടുകാര്‍ ചേര്‍ത്തുപിടിച്ച് ചിരിച്ച മുഖങ്ങളുമായി ഒപ്പം നിന്നു. മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അഗതി ആശ്രയ പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ പണി നാലര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കോരിച്ചൊരിയുന്ന മഴയിലും കൈ നിറയെ സമ്മാനപ്പൊതികളുമായി നാട്ടുകാര്‍ ഒന്നടങ്കം പുതിയ വീട്ടിലേക്ക് ഒഴുകിയെത്തി. കൃഷ്ണന്‍, കിടപ്പു രോഗിയായ ഭാര്യ, മനോദൗര്‍ബല്യമുള്ള മകന്‍, ഗൃഹനാഥയുടെ ഉത്തരവാദിത്വം ചുമലില്‍ വഹിക്കുന്ന മകള്‍ ഷീല, വിവാഹിതയും രോഗിയുമായ മറ്റൊരു മകളുടെ രണ്ടു പെണ്‍മക്കള്‍ ഇവരൊക്കെ കഴിഞ്ഞദിവസം വരെ കഴിഞ്ഞ ഇടിഞ്ഞു വീഴാറായതും പ്ലാസ്റ്റിക്ക് പടുത വലിച്ചു കെട്ടിയതുമായ ചോര്‍ന്നൊലിക്കുന്ന വീടിനോടു വിട പറഞ്ഞു. പുതിയ വീടിന്റെ സുരക്ഷിതത്വത്തില്‍ ഇനി മുതല്‍ ഇവര്‍ അന്തിയുറങ്ങുക. കൃഷ്ണന്റെ വീട്ടുമുറ്റത്തു നടന്ന ചടങ്ങില്‍ പിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മി പുതിയ വീടിന്റെ താക്കോല്‍ ദാനം നടത്തി. മേവെള്ളൂര്‍ നാട്ടുകൂട്ടം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ ദാമോദരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സരോജിനി തങ്കപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.ആര്‍ രാജേഷ്, മുന്‍അംഗം ഷാന്റി സനല്‍, വിജയന്‍ ചെറുകര, ഹരി, സനല്‍ കെ.തോമസ്, ബാബു തയ്യില്‍, സന്തോഷ് പവിഴാലയം, എം.ജി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.