Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴ കുറഞ്ഞെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്നത് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു.
21/07/2018
കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ തലയാഴം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചെട്ടിക്കരിയിലെ വീട്.

വൈക്കം: മഴ കുറഞ്ഞെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്നത് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു. തലയാഴം പഞ്ചായത്തിലെ കപ്പ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഓണവിപണിയും മറ്റും ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് മഴയില്‍ തകര്‍ന്നടിഞ്ഞത്. വിളവെടുപ്പിനും മറ്റും പാകമായ കപ്പ മഴയില്‍ ചീഞ്ഞുകൊണ്ടിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ വള്ളത്തിലും മറ്റും എത്തിയ കര്‍ഷകര്‍ സാഹസികമായ രീതിയില്‍ കപ്പ പറിച്ച് കരക്കടിപ്പിക്കുന്നുണ്ട്. അഞ്ചുരൂപയില്‍ താഴെയാണ് ഇതിനു കര്‍ഷകന് ലഭിക്കുന്ന വില. പഞ്ചായത്തിലെ ചെട്ടിക്കരി, പുതുക്കരി, മുപ്പത് പ്രദേശങ്ങളിലാണ് കപ്പ കൃഷി പൂര്‍ണമായും നശിച്ചത്. ഏത്തവാഴ, പൂവന്‍, ഞാലിപ്പൂവന്‍ വാഴകളും പൂര്‍ണമായി വെള്ളത്തില്‍ നിന്ന് ചീഞ്ഞുകൊണ്ടിരിക്കുകയാണ്. കോഴി, താറാവ് എന്നിവയെല്ലാം വെള്ളത്തില്‍ ഒഴുകിപ്പോയി. ഇവിടെയുള്ള കുടുംബങ്ങള്‍ ഏറെയും തോട്ടകം എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ക്യാമ്പില്‍ നിന്ന് ഇവര്‍ വീടുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ കാത്തിരിക്കുന്നത് ഇതിലും വലിയ വേദനകളായിരിക്കും. പ്രദേശങ്ങളില്‍ പാമ്പുശല്യവും രൂക്ഷമാണ്. പഞ്ചായത്തിലെ കൂവം, പള്ളിയാട്, വനം നോര്‍ത്ത്, സൗത്ത് മേഖലകളുമെല്ലാം വെള്ളത്തിലാണ്. ഏക്കര്‍ കണക്കിന് നെല്‍കൃഷിയാണ് മഴയില്‍ തകര്‍ന്നടിഞ്ഞത്. മഴ കുറഞ്ഞിട്ടും കെട്ടിക്കിടക്കുന്ന വെള്ളത്തിന് കുറവുവരാത്തതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. ദുരിതബാധിത പ്രദേശങ്ങള്‍ സി.കെ ആശ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സന്ദര്‍ശിച്ചു.