Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ബ്രഹ്മമംഗലം മേഖലാ കമ്മിറ്റി
21/07/2018

തലയോലപ്പറമ്പ്: കാലവര്‍ഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ബ്രഹ്മമംഗലം മേഖലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ക്ഷീരകര്‍ഷകര്‍ ചെയ്തു വന്നിരുന്ന തീറ്റപ്പുല്‍കൃഷി പൂര്‍ണമായി നശിച്ചു. പാടശേഖരങ്ങള്‍ വെള്ളത്തിലായതിനെ തുടര്‍ന്ന് പുല്ല് സംഭരിക്കാന്‍ പോലും കഴിയാത്തത് ഉല്‍പാദനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതുമൂലം ക്ഷീരകര്‍ഷകര്‍ ദുരിതത്തിലും കടക്കെണിയിലുമാണ്. പാല്‍ ഉല്‍പാദനത്തില്‍ വന്ന കുറവ് ബാങ്ക് വായ്പ എടുത്ത് കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെയാണ് ഏറെ ബാധിക്കുക. കൂടാതെ വെള്ളമിറങ്ങുമ്പോള്‍ പശുക്കള്‍ക്കുണ്ടായേക്കാവുന്ന രോഗബാധയിലും കര്‍ഷകര്‍ ആശങ്കയിലാണ്. ശക്തമായ മഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും മേഖലയിലെ കാലിത്തൊഴുത്തുകള്‍ക്ക് വലിയ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യുന്നതിനും അടിയന്തിര സാമ്പത്തിക സഹായം എത്തിക്കുന്നതിനും അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു. തൊഴുത്ത് പുനര്‍നിര്‍മിക്കുന്നതിന് സബ്‌സിഡി, വായ്പ കുടിശ്ശിക ഇളവ്, നഷ്ടപരിഹാരം എന്നി അനുവദിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ടി.ആര്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി ഹരിദാസ്, സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ പുഷ്‌കരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍ ചിത്രലേഖ, എം.കെ സനല്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യമോള്‍ സുനില്‍, ടി.ദീപേഷ്, ബി.സാജന്‍, കെ.പി രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.