Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡലത്തിന്റെ തെക്കന്‍മേഖലയിലെ പഞ്ചായത്തുകളെ വെള്ളത്തിലാക്കി മൂവാറ്റുപുഴയാറിന്റെ കരകവിഞ്ഞൊഴുക്ക്
19/07/2018
വെള്ളം കയറിയ വീട്ടിലെ കുടുംബാംഗങ്ങളെ ഫയര്‍ ഫോഴ്‌സ് രക്ഷപെടുത്തി കൊണ്ടുപോകുന്നു.

വൈക്കം: മഴ കുറഞ്ഞെങ്കിലും മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകുന്നത് മണ്ഡലത്തിന്റെ തെക്കന്‍മേഖലയിലെ പഞ്ചായത്തുകളെ വെള്ളത്തിലാക്കി. വെള്ളൂര്‍ പഞ്ചായത്തിലെ റോഡുകളിലാണ് വെള്ളമെങ്കില്‍ മറവന്‍തുരുത്തിലെയും ഉദയനാപുരത്തെയും, തലയോലപ്പറമ്പിലെയും വീടുകളെയാണ് വെള്ളത്തിലാക്കിയത്. ചെമ്പ് പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. തലയോലപ്പറമ്പ്-വൈക്കം റോഡ് പൂര്‍ണമായും വെള്ളത്തിലായിരിക്കുകയാണ്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് ഇതിലേ കടന്നുപോകുന്നത്. കാര്‍, ബൈക്ക്, ഓട്ടോറിക്ഷ എന്നിവയുടെ യാത്രയും ദുരിതപൂര്‍ണമാണ്. മഴ കുറഞ്ഞിട്ടും പുഴയിലെ വെളളത്തിന്റെ വരവ് നിലക്കാത്തതാണ് ജനങ്ങളെ വലക്കുന്നത്. ഉദയനാപുരം പഞ്ചായത്തിന്റെ കിഴക്കന്‍മേഖല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്നലെ പഞ്ചായത്തിലെ വാഴമന പെരുമ്പള്ളിക്കാവില്‍ വെള്ളത്തിലകപ്പെട്ടു പോയ ഒരു കുടുംബത്തെ സാഹസികമായാണ് ഫയര്‍ ഫോഴ്‌സ് രക്ഷപെടുത്തിയത്. കാലവര്‍ഷക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഫയര്‍ സ്റ്റേഷനും വെള്ളത്തിലായി. ആമ്പുലന്‍സും വാഹനവുമെല്ലാം ഇവിടെനിന്ന് സമീപത്തുള്ള സ്ഥലത്തേക്കുമാറ്റി. മഴ കുറഞ്ഞാലും വെള്ളം പൂര്‍ണമായും വറ്റാന്‍ ദിവസങ്ങള്‍ വേണ്ടി വരും. ഇപ്പോള്‍ അനുഭവിക്കുന്നതിന്റെ ഇരട്ടി ദുരിതമായിരിക്കും ഈ സമയം കുടുംബങ്ങളെ കാത്തിരിക്കുന്നത്. ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങളുടെ കന്നുകാലികളെയെല്ലാം വഴിയോരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കെട്ടിയിട്ടിരിക്കുകയാണ്. തലയാഴം പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് വാര്‍ഡുകളില്‍പെട്ട പട്ടക്കരി പാടശേഖരത്തിലെ 57 ഏക്കര്‍ നെല്‍കൃഷിയും വെള്ളപ്പൊക്കം മൂലം പൂര്‍ണമായി നശിച്ചു. പാടശേഖരത്തോടനുബന്ധിച്ചുള്ള പുരയിടങ്ങളിലെ വാഴ, പച്ചക്കറി വിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. ഉദയനാപുരം പാല്‍ സൊസൈറ്റിയില്‍ പാലിന്റെ വരവും ഗണ്യമായി കുറഞ്ഞു. ക്ഷീരകര്‍ഷകര്‍ പലരും ക്യാമ്പിലായതാണ് ഇതിനുകാരണം. ക്യാമ്പുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഒട്ടനവധി സഹായഹസ്തങ്ങള്‍ നല്‍കുന്നത് ആശ്വാസമാകുന്നുണ്ട്.