Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി
19/07/2018

വൈക്കം: കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ താലൂക്കിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തലയാഴം, വെച്ചൂര്‍, കല്ലറ, ഉദയനാപുരം പഞ്ചായത്തുകളില്‍ നെല്‍കൃഷി പൂര്‍ണമായി നശിച്ചിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കൂടാതെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വെള്ളം കയറിയ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. കന്നുകാലികളെയും മറ്റും സംരക്ഷിക്കുന്നതിനും കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഉപാധിരഹിതമായി സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ആവശ്യപ്പെട്ടു.

വൈക്കം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന മുഴുവന്‍ കക്കാ-മത്സ്യതൊഴിലാളികള്‍ക്കും അടിയന്തിരമായി സൗജന്യ റേഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്ന് കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.എസ് രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി വിജി തമ്പി, കെ.ജി മോഹനന്‍, ശശി കളത്തിപ്പറമ്പില്‍, പീതാംബരന്‍, രമേശന്‍ മുട്ടത്തില്‍, പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം: ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് ജില്ലാ സെക്രട്ടറി സി.എസ് രാജു ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെയുണ്ടായ നഷ്ടം വിലയിരുത്തുന്നതിന് റവന്യു-കൃഷിവകുപ്പ് അധികാരികള്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം.

വൈക്കം: പ്രകൃതിക്ഷോഭം മൂലം വീടുകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ധനസഹായവും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന എക്‌സി. അംഗം ആര്‍.മോഹന്‍ദാസ് ആവശ്യപ്പെട്ടു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം സംഭവിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ആയിരം കോടി രൂപ ഉടന്‍ അനുവദിക്കണം. കേരളത്തിലെ എല്ലാ വിഭാഗം കര്‍ഷകരും സഹകരണ-ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും മോഹന്‍ദാസ് ആവശ്യപ്പെട്ടു.

വൈക്കം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വേമ്പനാട്ടുകായലിന്റെ തീരപ്രദേശങ്ങളില്‍ ഒഴുക്കുവല, ചീനവല, ഊന്നിവല എന്നിവക്ക് വന്‍തോതിലുള്ള നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കക്കാവാരന്‍ മേഖലയും പ്രതിസന്ധിയിലാണ്. തൊഴിലുപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഡി.ബാബു ആവശ്യപ്പെട്ടു.