Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തേങ്ങാവില കുതിച്ചുയര്‍ന്നിട്ടും കൊപ്രാകളങ്ങള്‍ക്ക് രക്ഷയില്ല.
02/02/2016
ചെമ്മനത്തുകരയില്‍ കരിയാറിനു സമീപം പ്രവര്‍ത്തിക്കുന്ന കൊപ്രാക്കളം.

തേങ്ങാവില കുതിച്ചുയര്‍ന്നിട്ടും കൊപ്രാകളങ്ങള്‍ക്ക് രക്ഷയില്ല. നാളികേരത്തിന്റെ വിലയ്ക്കനുസരിച്ച് കൊപ്രയുടെ വില വര്‍ദ്ധിക്കാത്തതും തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും ആവശ്യത്തിനു തേങ്ങാ ലഭിക്കാത്തതുമാണ് പ്രതിസന്ധിയ്ക്ക് കാരണം. ഈ രീതി തുടര്‍ന്നാല്‍ അധികം താമസിക്കാതെ നിലവിലുള്ള കൊപ്രാകളങ്ങള്‍ പോലും പൂട്ടിപ്പോകും. കൊപ്രാകളങ്ങളുടെ പ്രതാപം നിലനിന്നിരുന്ന തലയാഴം, വെച്ചൂര്‍, ടി.വി.പുരം പഞ്ചായത്തുകളില്‍ ഇന്നു വിരലിലെണ്ണാവുന്ന കളങ്ങള്‍ മാത്രമേയുള്ളു. ടി.വി.പുരം പഞ്ചായത്തില്‍ 32 കളങ്ങള്‍ ഇന്നു മൂന്നായും, വെച്ചൂര്‍ പഞ്ചായത്തില്‍ 44 കളങ്ങള്‍ ഇന്നു ആറായും, തലയാഴം പഞ്ചായത്തില്‍ 37 കളങ്ങള്‍ ഇന്നു നാലായും ചുരുങ്ങി. കൊപ്രാ മേഖലയില്‍ പണിയെടുത്തിരുന്ന ആയിരത്തിലധികം തൊഴിലാളികള്‍ ഇന്നു മററ് മേഖലകളിലേക്ക് ചേക്കേറി. ഇപ്പോള്‍ ഉടമകളും വീട്ടിലുള്ളവരും കൂടി ചേര്‍ന്നാണ് കളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അപൂര്‍വ്വം കളങ്ങളില്‍ മാത്രമാണ് പണിക്കാരുള്ളത്. വര്‍ഷങ്ങളായി കൊപ്രാകളങ്ങള്‍ നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. നാളികേരത്തിന്റേയും വെളിച്ചെണ്ണയുടേയും വില താഴ്ന്നപ്പോഴും കൊപ്രാകളങ്ങള്‍ പിടിച്ചുനിന്നു. ഈ സമയത്ത് സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഒന്നും കിട്ടിയില്ല. റബര്‍ മേഖലയ്ക്കു വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ നാളികേര മേഖലയോട് അവഗണനയാണ് പുലര്‍ത്തിപ്പോരുന്നത്. 40 വര്‍ഷമായി കളം നടത്തുന്ന ചെമ്മനത്തുകര കളത്തില്‍ തങ്കപ്പന്‍ ഇപ്പോള്‍ തൊഴില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. ആരംഭത്തില്‍ എട്ടു പേര്‍ പണിയെടുത്തിരുന്ന കളത്തില്‍ ഇപ്പോള്‍ തങ്കപ്പനും ഭാര്യയും മാത്രമാണുള്ളത്. എന്നിട്ടും പിടിച്ചു നില്‍ക്കാന്‍ പററുന്നില്ല. ഒരു കിലോ തേങ്ങയ്ക്ക് ഇപ്പോള്‍ 30 രൂപയായി. നാലു കിലോ തേങ്ങ ഉണക്കിയാല്‍ മാത്രമാണ് ഒരു കിലോ കൊപ്രാ ലഭിക്കുന്നത്. 120 രൂപ മുടക്കി തേങ്ങാ എട്ടു ദിവസം ഉണക്കി കൊപ്രാ ആക്കുമ്പോള്‍ നഷ്ടം മാത്രമാണ് ഉടമയ്ക്ക് ലഭിക്കുന്നത്. പിന്നെ ചിരട്ടയും മടലും വിററാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്.
1975-1986 കാലഘട്ടങ്ങളില്‍ കൊപ്രാ കളങ്ങളുടെ പ്രവര്‍ത്തനം ഏററവും മികച്ചതും നേട്ടമുള്ളതുമായിരുന്നു. നാളികേരത്തിന്റെ വില വര്‍ദ്ധിച്ചപ്പോള്‍ കൊപ്രാ കളങ്ങളും രക്ഷപ്പെടുമെന്ന് വിചാരിച്ച് കളങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയവര്‍ ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്. സ്വകാര്യ പണമിടപാണ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് പലരും കളങ്ങള്‍ വീണ്ടും തുടങ്ങിയത്. മുന്‍ കാലങ്ങളില്‍ വീട്ടുകാര്‍ തന്നെ തെങ്ങില്‍ നിന്ന് നാളികേരമിട്ട് കളങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇന്ന് ഉടമകള്‍ തന്നെ ഈ പണി ചെയ്യണം. നാട്ടില്‍ തെങ്ങ് കയറുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതും കളങ്ങളുടെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്നു. ഇതിനുപുറമെ നാടാകെ വ്യാജ വെളിച്ചെണ്ണകള്‍ നിറഞ്ഞതോടെ കൊപ്രകളങ്ങളില്‍ ഉണ്ടാക്കുന്ന യഥാര്‍ത്ഥ വെളിച്ചെണ്ണക്ക് ഡിമാന്റ് ഇല്ലാതായി. കമ്പനികളെല്ലാം നേട്ടങ്ങള്‍ കൊയ്യുവാന്‍ വ്യാജനിര്‍മിതമായ പല ഓയിലുകള്‍ കലര്‍ത്തിയാണ് വെളിച്ചെണ്ണ വ്യാപാരം കൊഴുപ്പിക്കുന്നത്. ഇവിടെയെല്ലാം നിര്‍ണായക ഇടപെടലുകള്‍ നടത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും കാഴ്ചക്കാരായി നില്‍ക്കുകയാണ്. ഇതിനു മാറ്റമുണ്ടായെങ്കില്‍ മാത്രമേ ഇനിയുള്ള നാളുകളില്‍ കൊപ്രകളങ്ങള്‍ക്കും യഥാര്‍ത്ഥ നാളികേര കര്‍ഷകര്‍ക്കും ഈ തൊഴിലില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ.