Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഴ തുടരുന്നത് ജനങ്ങളെ ദുരിതക്കയത്തിലാക്കുന്നു.
18/07/2018
ശക്തമായ മഴയെത്തുടര്‍ന്ന് കരകവിഞ്ഞൊഴുകുന്ന മൂവാറ്റുപുഴയാര്‍.

വൈക്കം: ശക്തി കുറഞ്ഞെങ്കിലും മഴ തുടരുന്നത് ജനങ്ങളെ ദുരിതക്കയത്തിലാക്കുന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമന, പുത്തന്‍പാലം, പടിഞ്ഞാറെക്കര, വൈക്കപ്രയാര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയിരിക്കുകയാണ്. ഏകദേശം രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിലാണ്. പലരും ദുരിതാശ്വാസ ക്യാമ്പില്‍ മടിക്കുന്നു. കാരണം വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികളെ ഉപേക്ഷിക്കാന്‍ കഴിയാത്തതാണ് ഇതിനുകാരണം. മണ്ഡലത്തില്‍ ഏറ്റവുമധികം ക്ഷീരകര്‍ഷകരുള്ളതും ഉദയനാപുരം പഞ്ചായത്തിലാണ്. 1999ലെ വെള്ളപ്പൊക്കത്തിനുസമാനമായ ദുരിതമാണ് പഞ്ചായത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. അക്കാലത്ത് തീരപ്രദേശങ്ങളില്‍ പുറംബണ്ടുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുകയും ഇതിന് നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇതെല്ലാം വിസ്മരിക്കപ്പെട്ടു. ഇതിന്റെ ദുരിതമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. തലയോലപ്പറമ്പ്-വൈക്കം റോഡിലെ തുറുവേലിക്കുന്ന്, പൊട്ടന്‍ചിറ, ഇളങ്കാവ് ഭാഗങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റുന്നില്ല. വെള്ളത്തിലൂടെ കടന്നുപോയ നിരവധി വാഹനങ്ങള്‍ക്ക് ഇന്നലെ തകരാര്‍ സംഭവിച്ചിരുന്നു. കാറുകളാണ് ഏറ്റവുമധികം കുടുങ്ങിയത്. പൊട്ടന്‍ചിറയിലെ പെട്രോള്‍ പമ്പ് പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, വെള്ളൂര്‍ ഭാഗങ്ങളില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്. വാഴ, ജാതി കൃഷികളെല്ലാം വെള്ളത്തിലായി. ഓണവിപണി ലക്ഷ്യമിട്ടു നടത്തിയ വാഴ കൃഷിയെയാണ് മഴ തകര്‍ത്തിരിക്കുന്നത്. പുളിംചുവട്-ഭജനമഠം റോഡില്‍ ഈട്ടിമരം വൈദ്യുതി ലൈനിനുമുകളിലേക്ക് മറിഞ്ഞു. മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ആഞ്ഞിലിയും തെങ്ങും കടപുഴകി വീണ് വീടുതകര്‍ന്നു. കോരിച്ചൊരിയുന്ന മഴയും കാറ്റും ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് ഫയര്‍ ഫോഴ്‌സിനെയാണ്. ഇന്നലെ ഏകദേശം പതിനഞ്ചോളം ഇടങ്ങളിലാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈക്കം-തലയോലപ്പറമ്പ് റോഡില്‍ വടയാറില്‍ മരം മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരം വെട്ടിമാറ്റിയത്. ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന എഴുപതു വയസ്സുകാരനെ അത്ഭുതകരമായാണ് ഫയര്‍ ഫോഴ്‌സ് ആശുപത്രിയില്‍ എത്തിച്ചത്. വല്ലകം പടിഞ്ഞാറെക്കര വീരന്‍മലയില്‍ വീട്ടില്‍ ഭാസ്‌കരനെ (70) വലിയ ചരുവത്തിലാക്കിയാണ് വീട്ടില്‍ നിന്ന് ഇവര്‍ റോഡിലേക്കെത്തിച്ചത്. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വൈക്കത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്കൊപ്പം സമീപമേഖലകളാണ് ആപ്പാഞ്ചിറ, കുമരകം എന്നിവിടങ്ങളിലെല്ലാം ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.