Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒരു നാടിന് പ്രതീക്ഷയേകി തഴപ്പാസംഘത്തിന്റെ പുനര്‍ജനി
04/07/2018

വൈക്കം: സ്വപ്നങ്ങള്‍ക്ക് ചിറകേകി തഴപ്പാസംഘം പുനര്‍ജനിച്ചത് ഒരു നാടിന് പ്രതീക്ഷയേകുന്നു. പത്തൊന്‍പത് വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന വെച്ചൂര്‍ തഴപ്പായ വ്യവസായ സഹകരണ സംഘമാണ് നിരവധി വീട്ടമ്മമാര്‍ക്കാണ് നന്മയുടെ പ്രതീക്ഷകള്‍ നല്‍കി പുനരാരംഭിച്ചിരിക്കുന്നത്. ആരംഭത്തില്‍ അഞ്ഞൂറിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്ന സംഘം പുനരാംരഭിച്ചപ്പോള്‍ 236 പേരിലൊതുങ്ങി. വനിതാ ക്ഷേമമാണ് സംഘം ലക്ഷ്യമിടുന്നതെങ്കിലും പുരുഷന്‍മാരും ഇതില്‍ സാന്നിധ്യമരുളുന്നുണ്ട്. തഴപ്പായ സംഘമാണെങ്കിലും നാളികേരത്തിന്റെയും ക്ഷേമം ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്. തഴയോലകള്‍ ശേഖരിച്ച് വട്ടത്തിലാക്കി അതിനെ തഴപ്പായ ആക്കുന്ന പ്രവൃത്തിയാണ് ഇവിടെ നടക്കുന്നത്. ഇപ്പോള്‍ തഴപ്പായ കൊണ്ട് ചെരുപ്പ്, ബാഗ്, പേഴ്‌സ് എന്നിവയെല്ലാം ഇവര്‍ മെനഞ്ഞെടുക്കുന്നു. ഇതിന്റെ പരിശീലനം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. തഴപ്പായ പല സ്ഥലങ്ങളിലും കിട്ടാക്കനിയായിരിക്കുകയാണ്. ഒരു കാലത്ത് നാടിന്റെ അതിര്‍ത്തികള്‍ നിര്‍ണയിച്ചിരുന്നത് കൈതക്കുറ്റികളായിരുന്നു. എന്നാല്‍ ഇന്നിവിടെയെല്ലാം കൈതക്കുറ്റികള്‍ക്കുപകരം കോണ്‍ക്രീറ്റ് തൂണുകളും മറ്റും ഉയര്‍ന്നു. ഇതിന്റെയെല്ലാം ക്ഷീണം ഗ്രാമങ്ങള്‍ക്കുണ്ട്. കാരണം കൈതക്കുറ്റികളുടെ വേരുകള്‍ മഴക്കാലത്ത് മണ്ണ് ഒലിച്ചുപോകുന്നതിന് വലിയ തടസ്സം ഉണ്ടാക്കിയിരുന്നു. കൈതക്കുറ്റികള്‍ വെച്ചൂര്‍, തലയാഴം, ടി.വി പുരം, ഉദയനാപുരം പഞ്ചായത്തുകളിലാണ് ഇപ്പോള്‍ കാണപ്പെടുന്നത്. ഇവിടെ നിന്നാണ് ചേര്‍ത്തല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓലപ്പടക്ക നിര്‍മാണത്തിന് തഴമടികള്‍ കയറിപ്പോകുന്നത്. ഇതുപോലുള്ള പ്രതിസന്ധികള്‍ മുന്‍കൂട്ടിയറിഞ്ഞാണ് തേങ്ങയ്ക്കും നെല്ലിനും മുന്‍തൂക്കം നല്‍കിയത്. തേങ്ങ കൊണ്ട് ഇവര്‍ വെളിച്ചെണ്ണയും ഉരുക്ക് വെളിച്ചെണ്ണയുമെല്ലാം ഉണ്ടാക്കുന്നു.നെല്ല് കൊണ്ട് അവില്‍, കൈകുത്തരി, വിവിധ തരത്തിലുള്ള അരിപ്പൊടികള്‍ എന്നിവയെല്ലാം സംഘത്തില്‍ നിന്ന് വരുംദിവസങ്ങളില്‍ പുറത്തിറങ്ങും. സംഘത്തിന്റെ പ്രവൃത്തികള്‍ വിജയപ്രദമായാല്‍ വെച്ചൂര്‍ പഞ്ചായത്തിനുതന്നെ ഒരു മുഖശ്രീ ആയി ഇതു മാറിയേക്കും.