Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാമത് ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിക്കും
04/07/2018

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാമത് ചരമവാര്‍ഷികം നാളെ തലയോലപ്പറമ്പില്‍ വിവിധ പരിപാടികളോടെ ആചരിക്കും. ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക്, തലയോലപ്പറമ്പ് ഡി.ബി കോളേജ് മലയാളവിഭാഗം, ജവഹര്‍ സെന്റര്‍, കീഴൂര്‍ ഡി.ബി കോളേജ് മലയാളവിഭാഗം, പാലാ സെന്റ് തോമസ് കോളേജ് മലയാളവിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിശിഷ്ടസംഭാവനകള്‍ അര്‍പ്പിച്ചവര്‍ക്ക് നല്‍കുന്ന 'ബഷീര്‍ ബാല്യകാലസഖി പുരസ്‌ക്കാരം' കവിയും ഗാനരചയിതാവും മുന്‍ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിന് നല്‍കും. തലയോലപ്പറമ്പ് ടൗണ്‍ എന്‍.എസ്.എസ് 907-ാം നമ്പര്‍ കരയോഗം സരസ്വതി മണ്ഡപത്തില്‍ വെച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ആകാശവാണി കൊച്ചിനിലയം പ്രോഗ്രാം എക്‌സിക്യൂട്ടീവ് ശ്രീകുമാര്‍ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ വച്ച് നിര്‍വഹിക്കും. മാധ്യമപ്രവര്‍ത്തകന്‍ ഡോ. പോള്‍ മണലില്‍ ഡോ. അംബിക എ.നായര്‍, ഡോ. പി.എച്ച് ഇസ്മയില്‍ എന്നിവര്‍ പുസ്തക പരിചയം നടത്തും. ഇഗ്നൗ റീജിയണല്‍ അസി. ഡയറക്ടര്‍ ഡോ. വി.ടി ജലജകുമാരി, ഡോ. യു.ഷംല, ഡോ. എസ്.പ്രീതന്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ചരമവാര്‍ഷികത്തോടനുബന്ധിച്ച് അഞ്ചു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ഒരു വര്‍ഷം നീളുന്ന 'ബഷീറോര്‍മ്മ 25' എന്ന സാഹിത്യ സെമിനാറുകളുടെ വിവരണം സമിതി ഡയറക്ടര്‍ മോഹന്‍ ഡി. ബാബു നടത്തും. ബാല്യകാല സഖി പുരസ്‌ക്കാരവും പ്രശസ്തിപത്രവും കെ. ജയകുമാറിന് ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണനും, അവാര്‍ഡ് തുക സമിതി എക്‌സി. ഡയറക്ടര്‍ അഡ്വ. ടോമി കല്ലാനിയും നല്‍കും. സമിതി വൈസ് ചെയര്‍മാന്‍ പ്രൊഫ. കെ.എസ് ഇന്ദു അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിചെറിയാന്‍ പ്രശസ്തി പത്രപാരായണം നടത്തും. ചിത്രകാരനും ശില്‍പിയുമായ കോട്ടയം ഷാജി വാസന്റെ ചിത്രപ്രദര്‍ശനവും, ഡി.സി. ബുക്‌സുമായി സഹകരിച്ചുകൊണ്ട് പത്തുവരെ പുസ്തകമേളയും സംഘടിപ്പിച്ചിട്ടുണ്ട്. സമിതി വൈസ് ചെയര്‍മാന്‍ എം.ഡി ബാബുരാജ്, സി.കെ പ്രകാശ്, സ്മിത കരുണ്‍, കെ.ആര്‍ സുശീലന്‍, ഡോ. എം.എസ് ബിജു, ഡോ. എച്ച്.എസ്.പി, എം.കെ ഷിബു, ടി.പി ആനന്ദവല്ലി, പി.ജി തങ്കമ്മ എന്നിവര്‍ പ്രസംഗിക്കും.