Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭയില്‍ ഒരു ഭരണസ്തംഭനവും ഇല്ലെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍
30/06/2018

വൈക്കം: നാടിന് അഭിമാനമായി രണ്ടര വര്‍ഷം കൊണ്ട് ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വൈക്കം നഗരസഭയില്‍ ഒരു ഭരണസ്തംഭനവും ഇല്ലെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായ പി.ശശിധരന്‍, എന്‍.അനില്‍ ബിശ്വാസ് എന്നിവര്‍ അറിയിച്ചു. രണ്ടര വര്‍ഷം മുന്‍മ്പ് കോണ്‍ഗ്രസ്സാണ് വൈക്കം നഗരസഭ ഭരിച്ചിരുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കാരണം മുടങ്ങിക്കിടന്ന പദ്ധതികളെല്ലാം ഈ കൗണ്‍സിലിന്റെ കാലത്താണ് നടപ്പിലാക്കിയത്. വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നിരുന്ന വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കുവാനായി ഒരു കോടിയോളം രൂപ ചെലവഴിച്ചു. വൈക്കം ബീച്ച് യാഥാര്‍ത്ഥ്യമാക്കി. അടഞ്ഞുകിടന്നിരുന്ന കുട്ടികളുടെ പാര്‍ക്ക് 35 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ചു തുറന്നു കൊടുത്തു. മരിച്ചാല്‍ സംസ്‌ക്കരിക്കുവാന്‍ സ്ഥലമില്ലാതിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി 35 ലക്ഷം രൂപ ചെലവഴിച്ച് പൊതുശ്മശാനവും തുറക്കാനായി. കിഴക്കന്‍ മേഖലയുടെ വികസനത്തിന് കുതിപ്പേകുന്ന വണ്‍വേ സമ്പ്രദായം നടപ്പിലാക്കി. ദളവാക്കുളം ബസ് സ്റ്റാന്റ് യാഥാര്‍ത്ഥ്യമാക്കി. നികുതി പിരിവില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭകളിലൊന്നായി വൈക്കം നഗരസഭയെ തിരഞ്ഞെടുത്തു. മാലിന്യമില്ലാത്ത നാടായി വൈക്കം നഗരസഭയെ ആറുമാസത്തിനകം പ്രഖ്യാപിക്കും. തുമ്പൂര്‍മൂഴി എയ്‌റോബിക് കമ്പോസ്റ്റ് 18 എണ്ണം സ്ഥാപിച്ചു കഴിഞ്ഞു. 25 ലക്ഷം ചെലവഴിച്ച് ഷ്രെഡ്ഡിംഗ് യൂണിറ്റും, എം.ആര്‍.എഫ് യൂണിറ്റും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒറ്റ ദിവസം കൊണ്ട് ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കി മാറ്റുന്നതിനുള്ള 35 ലക്ഷം രൂപ വരുന്ന പദ്ധതിക്കും ഡി.പി.സിയുടെ അംഗീകാരം ലഭിച്ചു. 97.3 ശതമാനം നികുതി പിരിച്ച വൈക്കം നഗരസഭയ്ക്ക് മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു. 4 ലക്ഷം രൂപ ക്യാഷ് അവാര്‍ഡായി നല്‍കി. ജനങ്ങളുടെ സ്വപ്നമായിരുന്ന ടൗണ്‍ പ്ലാനില്‍ മാറ്റം വരുത്തി പുതിയ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു. വൈക്കം സത്യാഗ്രഹ സ്മാരകത്തില്‍ മൂന്നു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ മാസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി. 2018-19 വര്‍ഷത്തില്‍ എട്ടുകോടി 82 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഡി.പി.സിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഒരു ചെയര്‍മാന്‍ രാജിവെച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കേണ്ടത്. അടുത്ത ദിവസം തന്നെ മുനിസിപ്പല്‍ സെക്രട്ടറി വൈക്കം നഗരസഭയില്‍ ചുമതലയേല്‍ക്കും. നഗരസഭാ ഓഫീസില്‍ വരുന്നവരുടെയെല്ലാം പരാതികള്‍ പരിഹരിക്കുന്നതിന് കഴിയുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കേ രാഷ്ട്രീയപ്രേരിതമായി കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ എന്‍.അനില്‍ ബിശ്വാസ് അദ്ധ്യക്ഷനായി. പി.ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍മ്മല ഗോപി, എസ്.ഇന്ദിരാദേവി, ബിജു വി കണ്ണേഴന്‍, എസ്.ഹരിദാസന്‍നായര്‍, അഡ്വ. അംബരീഷ് ജി വാസു, ആര്‍.സന്തോഷ്, ഡി.രഞ്ജിത്ത് കുമാര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, എ.സി മണിയമ്മ, സല്‍ബി ശിവദാസ്, കെ.ആര്‍ സംഗീത, ബിജിനി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.