Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരെയും ലജ്ജിപ്പിക്കുന്ന അവസ്ഥയില്‍ മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ കുറുന്തറ പുഴ
23/06/2018
തലയോലപ്പറമ്പ് പഞ്ചായത്തിലെ കുറുന്തറ പുഴ.

തലയോലപ്പറമ്പ്: ഒരു കാലത്ത് തലയോലപ്പറമ്പ് പഞ്ചായത്തിന്റെ സമസ്ത മേഖലകളിലും നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന മൂവാറ്റുപുഴയാറിന്റെ പ്രധാന കൈവഴികളിലൊന്നായ കുറുന്തറ പുഴയുടെ ഇപ്പോഴത്തെ അവസ്ഥ ആരെയും ലജ്ജിപ്പിക്കുന്നതാണ്. തോരാതെ പെയ്യുന്ന മഴയിലും പുഴയിലേക്ക് വെള്ളം എത്തുന്നില്ല. മാലിന്യങ്ങളും പുല്ലും പായലുമെല്ലാമാണ് പുഴക്ക് വില്ലനായിരിക്കുന്നത്. തോടിലെ നീരൊഴുക്ക് നിലച്ചതോടെ വടയാര്‍ മേഖലയിലെ പാടശേഖരങ്ങളും പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താഴ്ന്ന പ്രദേശങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. വടയാര്‍ മേഖലയിലെ പൊന്നുരുക്കുംപാറ, കള്ളാട്ടിപ്പുറം, തേവലക്കാട്, കോരിക്കല്‍, പഴമ്പെട്ടി, മനയ്ക്കക്കരി പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഇതിന്റെയെല്ലാം പ്രധാന കാരണം കുറുന്തറ പുഴയിലെ നീരൊഴുക്ക് നിലച്ചതാണ്. തലയോലപ്പറമ്പിന്റെ നെല്ലറകളായ വടയാര്‍ പാടശേഖരങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് കാലവര്‍ഷത്തിലാണ്. ഇവിടെയെല്ലാം നിഴലിക്കുന്നത് മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാത്തതാണ്. വര്‍ഷംതോറും വടയാര്‍ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണികളൊഴിവാക്കുവാന്‍ കോടികള്‍ മുടക്കി പല പദ്ധതികളും അവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും ഇതെല്ലാം വഴിപാടായി മാറുകയാണ്. ദീര്‍ഘവീക്ഷണമില്ലായ്മയാണ് പല പദ്ധതികള്‍ക്കും തിരിച്ചടി ആകുന്നത്. ഇപ്പോള്‍ പുഴ കൊണ്ട് രക്ഷപെടുന്നത് ക്ഷീരകര്‍ഷകരാണ്. വിടര്‍ന്നുനില്‍ക്കുന്ന പുല്ല് വെട്ടിയെടുക്കാന്‍ നിരവധി ക്ഷീരകര്‍ഷകരാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തുന്നത്. കുറുന്തറ പുഴയുടെ സംരക്ഷണം ലക്ഷ്യമിട്ട് പുത്തന്‍തോട്ടിലേക്ക് വെള്ളം കയറിയിറങ്ങുന്നതിനും, മൂവാറ്റുപുഴയാറിലെ വെള്ളം നിയന്ത്രിക്കുന്നതിനുമായി താഴെപ്പള്ളി പാലത്തിനുസമീപം ഷട്ടര്‍ നിര്‍മാണം നടക്കുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിന്റെ ആലപ്പുഴ ടെക്‌നിക്കല്‍ സെക്ഷന്‍ 36 ലക്ഷം രൂപ മുടക്കിയാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത്. അടിയം ചാലില്‍ നിന്നും വെള്ളം കുറുന്തറ പുഴയിലേക്ക് ഒഴുക്കി വിടുന്നതിനുവേണ്ടിയുള്ള ചാലുനവീകരണം ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും താഴെപ്പള്ളി ഭാഗത്തെ ഷട്ടര്‍ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതാണ് പുത്തന്‍തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കാന്‍ കാരണം. അതേസമയം ബോക്‌സ് കലുങ്ക് സ്ഥാപിച്ച് ചന്തത്തോടു വഴി കുറുന്തറ പുഴയിലേക്ക് വെള്ളം ഒഴുക്കി വിട്ടാലും കുറുന്തറ പുഴയിലെ മാലിന്യങ്ങള്‍ മാറാന്‍ സാധ്യത കുറവാണെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. കെ.ആര്‍ ഓഡിറ്റോറിയത്തിനു സമീപമുള്ള പാലത്തിന്റെ ഫൗണ്ടേഷന്‍ ഉയര്‍ന്നുനില്‍ക്കുന്നതാണ് ഇതിനുകാരണം. പൊതുമരാമത്ത് വകുപ്പ് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മിച്ച പാലം പൊളിച്ചു പുനര്‍നിര്‍മിച്ചാല്‍ കുറുന്തറ പുഴയിലെ നീരൊഴുക്ക് ശക്തമാക്കി മാലിന്യം നീക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ചുരുക്കത്തില്‍ പാലം പുനര്‍നിര്‍മിക്കാതെയുള്ള കോടികള്‍ മുടക്കി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നവീകരണ ജോലികള്‍ കൊണ്ട് കുറുന്തറ പുഴക്ക് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നാണ് സാരം. ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ നടപ്പിലാക്കി പുഴയുടെ രക്ഷയൊരുക്കാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.