Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോള്‍-ചെമ്മനാകരി റോഡ് തകര്‍ന്നു; യാത്ര ദുരിതം
18/06/2018
തകര്‍ന്നുകിടക്കുന്ന മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി റോഡ്.

വൈക്കം: മറവന്‍തുരുത്ത് പഞ്ചായത്തിലെ ടോള്‍-ചെമ്മനാകരി റോഡ് തകര്‍ന്നു തരിപ്പണമായിട്ടും പഞ്ചായത്തിന് അനക്കമില്ല. കേരളത്തിലെ അറിയപ്പെടുന്ന ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയിലേക്ക് ഒരു ദിവസം അത്യാസന്ന നിലയിലായ രോഗികളുമായി എത്തുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെയാണ്. ഇവര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ റോഡിന്റെ ശോച്യാവസ്ഥ മൂലം രോഗിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാകും. ഒരുകാലത്ത് ആരും അറിയാതിരുന്ന ഒരു ഗ്രാമം ആശുപത്രി ഉടമയായ ഡോ. ബാഹുലേയനിലൂടെയാണ് വികസനവെളിച്ചത്തില്‍ എത്തിയത്. ഇവിടേക്കുള്ള എല്ലാ റോഡുകളും ആരംഭത്തില്‍ പണി കഴിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്. എന്നാല്‍ പിന്നീട് ജപ്പാന്‍ കുടിവെള്ള പദ്ധതി കടന്നുവന്നതോടെ റോഡിന്റെ പതനത്തിനു തുടക്കമായി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൈപ്പ് സ്ഥാപിക്കാന്‍ റോഡ് കുഴിച്ചു. ഇതിനുശേഷം റോഡ് പുനര്‍നിര്‍മിച്ചെങ്കിലും പണികളെല്ലാം വഴിപാടായിരുന്നു. പണിത കരാറുകാര്‍ക്ക് മാത്രമാണ് ഇതുകൊണ്ട് ഗുണപ്പെട്ടത്. ഇപ്പോള്‍ തകര്‍ന്നുകിടക്കുന്ന റോഡില്‍ പലയിടത്തും കാല്‍നട യാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്. പുലര്‍ച്ചെ സൈക്കിളില്‍ പത്രം വിതരണം ചെയ്യുന്നവരാണ് ഏറ്റവുമധികം വിഷമതകള്‍ അനുഭവിക്കുന്നത്. അറ്റകുറ്റപണികള്‍ വൈകുന്നത് എന്താണെന്നു ചോദിച്ചാല്‍ പഞ്ചായത്തിന്റെ മറുപടി ജപ്പാന്‍ കുടിവെള്ള സ്ഥാപിക്കാന്‍ റോഡ് കുത്തിപ്പൊള്ളിക്കുമെന്ന്. എന്നാല്‍ ചാലുംകടവ് മുതല്‍ ടോള്‍ വരെ മാത്രമാണ് റോഡ് പൈപ്പിനുവേണ്ടി കുത്തിപ്പൊളിക്കേണ്ടത്. ചാലുംകടവ് മുതല്‍ ആശുപത്രി വരെയുള്ള റോഡാണ് കൂടുതല്‍ തകര്‍ന്നുകിടക്കുന്നത്. ഇതെങ്കിലും യാത്രക്കാര്‍ക്ക് പ്രയോജനകരമായ രീതിയില്‍ ടാറിങ് നടത്തണമെന്നതാണ് നാടിന്റെ ജനകീയ ആവശ്യം. ഇവിടെയെല്ലാം നിഴലിച്ചുനില്‍ക്കുന്നത് പഞ്ചായത്തിന്റെയും കുടിവെള്ള പദ്ധതി അധികാരികളുടെയുമെല്ലാം നിസംഗതയാണ്.